മിഡിൽ ഈസ്റ്റ് യുദ്ധം: ബ്രിട്ടനിൽ വീട് വില കുറയുന്നു; മോർട്ട്ഗേജ് നിരക്കിൽ റെക്കോർഡ് വർധന.
ലണ്ടൻ :മിഡിൽ ഈസ്റ്റ് സംഘർഷത്തെത്തുടർന്ന് ആഗോളതലത്തിലുണ്ടായ സാമ്പത്തിക അനിശ്ചിതത്വം ബ്രിട്ടീഷ് ഭവന വിപണിയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയിരിക്കുന്നു. പ്രമുഖ മോർട്ട്ഗേജ് ദാതാക്കളായ ഹാലിഫാക്സിന്റെ (Halifax) ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ വീട് വിലയിൽ 0.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി.
ഇതോടെ രാജ്യത്തെ ശരാശരി വീട് വില 299,677 പൗണ്ടിലേക്ക് താഴ്ന്നു. യുദ്ധസാഹചര്യം ഇന്ധന-ഊർജ്ജ വില വർധിപ്പിക്കുമെന്ന ആശങ്കയും, അതുവഴി പണപ്പെരുപ്പം ഉയരുന്നത് തടയാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്ക് വർധിപ്പിച്ചേക്കുമെന്ന സൂചനയുമാണ് വിപണിയിലെ ഈ തളർച്ചയ്ക്ക് പ്രധാന കാരണമായത്.
നിലവിൽ മോർട്ട്ഗേജ് പലിശ നിരക്കുകൾ ഉയരുന്നത് പുതിയ വീട് വാങ്ങാൻ ഒരുങ്ങുന്നവരെ പിന്നോട്ട് വലിക്കുന്നുണ്ട്. മാർച്ചിലെ കണക്കുകൾ പ്രകാരം രണ്ട് വർഷത്തെ ഫിക്സഡ് റെസിഡൻഷ്യൽ മോർട്ട്ഗേജ് നിരക്ക് 5.84 ശതമാനമായി ഉയർന്നു; ഇത് 2024 ജൂലൈക്ക് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.
പ്രാദേശികാടിസ്ഥാനത്തിൽ ലണ്ടൻ, സൗത്ത്-ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വില കുറഞ്ഞപ്പോൾ നോർത്തേൺ അയർലൻഡ്, സ്കോട്ട്ലൻഡ്, വെയ്ൽസ് എന്നിവിടങ്ങളിൽ വിലവർധനവ് പ്രകടമാണ്. നിർമ്മാണ മേഖലയെയും ഈ സാഹചര്യം സാരമായി ബാധിച്ചിട്ടുണ്ട്. ഇന്ധനത്തിനും അസംസ്‌കൃത വസ്തുക്കൾക്കും വില ഉയർന്നത് പുതിയ നിർമ്മാണ പ്രവർത്തനങ്ങളിൽ കുറവുണ്ടാക്കിയതായി എസ് ആന്റ് പി ഗ്ലോബൽ (S&P Global) വ്യക്തമാക്കുന്നു. വരും മാസങ്ങളിലെ പലിശ നിരക്കുകളും ആഗോള രാഷ്ട്രീയ സാഹചര്യങ്ങളും ബ്രിട്ടീഷ് ഭവന വിപണിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.