മിഡിൽ ഈസ്റ്റ് പ്രതിസന്ധി കനത്ത തിരിച്ചടിയായി; യുകെയിലെ പ്രമുഖ റീട്ടെയിലറായ ടെസ്കോയുടെ വിൽപ്പന വളർച്ചയിൽ വൻ ഇടിവ്.
ലണ്ടൻ: മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ സാധാരണ കുടുംബങ്ങളിൽ വലിയ സാമ്പത്തിക അനിശ്ചിതത്വം സൃഷ്ടിച്ചതിനെത്തുടർന്ന് ബ്രിട്ടനിലെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ ടെസ്കോയുടെ (Tesco) യുകെയിലെ വിൽപ്പന വളർച്ച പകുതിയിലധികമായി കുറഞ്ഞു. മേയ് മാസം വരെയുള്ള മൂന്ന് മാസങ്ങളിൽ കമ്പനിയുടെ വിൽപ്പന നിരക്ക് മുൻ പാദത്തിലെ 4.2 ശതമാനത്തിൽ നിന്ന് 1.8 ശതമാനമായി (13.4 ബില്യൺ പൗണ്ട്) താഴ്ന്നതായി ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എങ്കിലും ഓൺലൈൻ വിൽപ്പനയിലുണ്ടായ 8.9 ശതമാനത്തിന്റെ വർദ്ധനവ് കമ്പനിക്ക് നേരിയ ആശ്വാസമായിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് യുദ്ധത്തെത്തുടർന്ന് ഇന്ധനവില വർദ്ധിച്ചതാണ് ജനങ്ങളുടെ ആത്മവിശ്വാസം കുറയ്ക്കാനും ടെസ്കോയുടെ യുകെയിലെ വിൽപ്പന മന്ദഗതിയിലാകാനും പ്രധാന കാരണം. കൂടാതെ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ യുകെയിൽ അനുഭവപ്പെട്ട അസാധാരണമായ ചൂടും വെയിലും കാരണം ഭക്ഷണപാനീയങ്ങളുടെ വിൽപ്പന വൻതോതിൽ ഉയർന്നിരുന്നു. ഇത് ഈ വർഷത്തെ വിൽപ്പന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വ്യത്യാസം കാണിക്കാൻ ഇടയാക്കിയിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കൾക്ക് മികച്ച വിലയും ഗുണനിലവാരവും സേവനവും നൽകുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ടെസ്കോ ചീഫ് എക്സിക്യൂട്ടീവ് കെൻ മർഫി പറഞ്ഞു. എതിരാളികളായ ആൽഡി (Aldi) സൂപ്പർമാർക്കറ്റിലെ വിലയുമായി തങ്ങളുടെ ഉൽപ്പന്നങ്ങളുടെ വില കൃത്യമായി ഒത്തുപോകുന്ന ‘പ്രൈസ് മാച്ച്’ പദ്ധതി കൂടുതൽ ചെറു സ്റ്റോറുകളിലേക്ക് വ്യാപിപ്പിച്ചതായും ടെസ്കോ അറിയിച്ചു. ഇതോടൊപ്പം 520 പുതിയ ഉൽപ്പന്നങ്ങളും കമ്പനി വിപണിയിലിറക്കിയിട്ടുണ്ട്.
അതേസമയം, സ്വതന്ത്ര വ്യാപാരികൾക്കും കാറ്ററിംഗ് സ്ഥാപനങ്ങൾക്കും ഉൽപ്പന്നങ്ങൾ നൽകുന്ന ടെസ്കോയുടെ ഹോൾസെയിൽ വിഭാഗമായ ‘ബുക്കറി’ന്റെ (Booker) വിൽപ്പനയിൽ 3.2 ശതമാനത്തിന്റെ ഇടിവുണ്ടായി. എങ്കിലും നടപ്പ് സാമ്പത്തിക വർഷത്തിൽ കമ്പനി പ്രതീക്ഷിച്ച ലാഭം കൈവരിക്കാനാകുമെന്നാണ് ടെസ്കോയുടെ വിലയിരുത്തൽ. ഈ വർഷം കമ്പനി 3.25 ബില്യൺ പൗണ്ട് ലാഭമുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിക്കുന്നത്.