മാഞ്ചസ്റ്റർ വിമാനത്താവളത്തിൽ വനിതാ പോലീസിനെ മർദ്ദിച്ച സംഭവം; ഏഷ്യൻ വംശജനായ യുവാവിന് മൂന്നര വർഷം തടവ്.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ എയർപോർട്ടിലെ സ്റ്റാർബക്സ് (Starbucks) കോഫി ഷോപ്പിൽ വെച്ച് രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥരെയും ഒരു സാധാരണക്കാരനെയും ക്രൂരമായി മർദ്ദിച്ച കേസിൽ 21-കാരന് മൂന്നര വർഷത്തെ തടവുശിക്ഷ വിധിച്ചു. റോച്ച്ഡെയ്ൽ സ്വദേശിയായ മുഹമ്മദ് ഫാഹിർ അമാസ് എന്ന യുവാവിനെയാണ് ലിവർപൂൾ ക്രൗൺ കോടതി ശിക്ഷിച്ചത്. 2024 ജൂലൈയിൽ നടന്ന ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയും വലിയ വിവാദങ്ങൾക്ക് വഴിവെക്കുകയും ചെയ്തിരുന്നു. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് തങ്ങൾ പ്രതികരിച്ചതെന്ന പ്രതിയുടെയും സഹോദരന്റെയും വാദങ്ങൾ കോടതി തള്ളി.
സംഭവദിവസം വിമാനത്താവളത്തിൽ വെച്ച് പ്രതി ഒരു സാധാരണക്കാരനെ തലകൊണ്ട് ഇടിക്കുകയും (head-butt), അവിടെയുണ്ടായിരുന്ന പിസി ലിഡിയ വാർഡ്, പിസി എല്ലി കുക്ക് എന്നീ വനിതാ ഓഫീസർമാർക്ക് നേരെ പത്തോളം പഞ്ചുകളും ചവിട്ടുകളും പ്രയോഗിക്കുകയുമായിരുന്നെന്ന് പ്രോസിക്യൂഷൻ കോടതിയിൽ തെളിയിച്ചു. ആക്രമണത്തിൽ ഉദ്യോഗസ്ഥരുടെ മൂക്ക് തകരുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ ഒരു ഭാഗം മാത്രം ഉൾപ്പെടുത്തിക്കൊണ്ടുള്ള വീഡിയോകൾ തുടക്കത്തിൽ പുറത്തുവന്നപ്പോൾ താൻ ഇരയാണെന്ന് വരുത്തിതീർക്കാൻ പ്രതി ശ്രമിച്ചതായി പരിക്കേറ്റ ഉദ്യോഗസ്ഥർ കോടതിയിൽ പറഞ്ഞു.
തുടക്കത്തിൽ ഈ സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെയും വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഒരു പുരുഷ പോലീസ് ഉദ്യോഗസ്ഥൻ പ്രതിയെ നിലത്തിട്ട് ചവിട്ടുന്ന ദൃശ്യങ്ങളായിരുന്നു അന്ന് വിവാദങ്ങൾക്ക് കാരണമായത്. എന്നാൽ പിന്നീട് പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലാണ് പ്രതികൾ പോലീസിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ വ്യക്തമായത്. ഒരു വർഷത്തോളം നീണ്ട സങ്കീർണ്ണമായ കോടതി നടപടികൾക്കൊടുവിലാണ് പ്രതിക്ക് അർഹമായ ശിക്ഷ ലഭിച്ചതെന്ന് യുകെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.