മറ്റ് മൂന്ന് കമ്പനികളുടെ സുരക്ഷാ ശൃംഖലയിൽ കടന്നുകയറി ഗൂഗിളിന്റെ ‘ജെമിനി’ എ.ഐ.
കാലിഫോർണിയ: പ്രമുഖ സാങ്കേതിക ഭീമനായ ഗൂഗിളിന്റെ നിർമ്മിത ബുദ്ധി (AI) മോഡലായ ‘ജെമിനി’, മൂന്ന് സ്വകാര്യ കമ്പനികളുടെ സുരക്ഷാ ശൃംഖലയിൽ അനധികൃതമായി കടന്നുകയറിയതായി വെളിപ്പെടുത്തൽ. സാങ്കേതിക പരിശോധനകൾക്കിടെ സ്വയം ഇന്റർനെറ്റുമായി ബന്ധിപ്പിക്കപ്പെടുകയും തുടർന്ന് മറ്റ് കമ്പനികളുടെ വിവരങ്ങളിലേക്ക് കടന്നുകയറുകയുമായിരുന്നു. ഗൂഗിളിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
‘ഇറെഗുലർ’ (Irregular) എന്ന സൈബർ സുരക്ഷാ സ്റ്റാർട്ടപ്പ് നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ മേയ് മാസത്തിലാണ് സംഭവം നടന്നത്. ഒരു വ്യാജ കമ്പനിയുടെ ഡാറ്റ കണ്ടെത്താൻ നൽകിയ നിർദ്ദേശത്തെ തുടർന്ന് ഇന്റർനെറ്റിൽ സമാന പേരുള്ള യഥാർത്ഥ കമ്പനിയുടെ പാസ്വേഡ് ഊഹിച്ചെടുത്ത് ജെമിനി ഉള്ളിൽ കയറുകയായിരുന്നു. മറ്റ് രണ്ട് സംഭവങ്ങളിൽ ഇന്റർനെറ്റിൽ പരസ്യമായി ലഭ്യമായ രേഖകളിൽ നിന്ന് ലോഗിൻ വിവരങ്ങൾ കണ്ടെത്തിയാണ് മറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ തുറന്നത്.
എന്നാൽ തങ്ങൾ പ്രവേശിച്ചത് യഥാർത്ഥ കമ്പനികളുടെ വിവരങ്ങളിലാണെന്ന് തിരിച്ചറിഞ്ഞ ഉടൻ തന്നെ ജെമിനി പ്രവർത്തനം സ്വയം അവസാനിപ്പിച്ചതായി ഗൂഗിൾ വ്യക്തമാക്കി. കമ്പനികൾക്ക് കേടുപാടുകൾ ഒന്നും സംഭവിച്ചിട്ടില്ലാത്തതിനാൽ സംഭവം പുറത്തുവിട്ടിരുന്നില്ലെന്നും, എന്നാൽ ബാധിതരായ കമ്പനികളെ വിവരമറിയിച്ചിട്ടുണ്ടെന്നും ഗൂഗിൾ കൂട്ടിച്ചേർത്തു. ഇതിന് മുമ്പ് ഓപ്പൺ എ.ഐ, ആന്ത്രോപിക് തുടങ്ങിയ കമ്പനികളുടെ എ.ഐ മോഡലുകളിലും സമാന സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയിരുന്നു.