ബ്രൂക്ലിൻ പാലത്തിൽ പോലീസിന് നേരെ കത്തിവീശി അക്രമി: ന്യൂയോർക്ക് സിറ്റി പോലീസ് വെടിവെച്ചുകൊന്നു.
ന്യൂയോർക്ക്: വെള്ളിയാഴ്ച പുലർച്ചെ ബ്രൂക്ലിൻ പാലത്തിന്റെ കേബിളുകളിൽ കയറി അക്രമഭീഷണി മുഴക്കുകയും കൈയ്യിൽ കത്തി ഉയർത്തി പോലീസുകാർക്ക് നേരെ അടുക്കുകയും ചെയ്തയാളെ ന്യൂയോർക്ക് സിറ്റി പോലീസ് (NYPD) വെടിവെച്ചുകൊന്നു. പുലർച്ചെ 3:28 ഓടെയാണ് ഒരാൾ പാലത്തിന്റെ കേബിളിലൂടെ നടക്കുന്നുണ്ടെന്ന സന്ദേശം പോലീസിന് ലഭിക്കുന്നത്.
സുരക്ഷാ ഹാർനെസുകൾ ഉപയോഗിച്ച് പാലത്തിൽ ബന്ധിക്കപ്പെട്ട നിലയിലാണ് പോലീസ് ഉദ്യോഗസ്ഥർ കേബിളിലേക്ക് കയറിയത്. കേബിളിൽ നിന്ന ഇയാളോട് സംസാരിച്ച് പ്രശ്നം പരിഹരിക്കാനും താഴെയിറങ്ങാനും ഉദ്യോഗസ്ഥർ ഏകദേശം ഒരു മണിക്കൂറോളം ശ്രമിച്ചു. എന്നാൽ ഇയാളുടെ കൈയ്യിൽ കത്തി ഉണ്ടായിരുന്നുവെന്നും “എനിക്ക് മരിക്കണം, നിങ്ങളുടെ കൈകൊണ്ട് എന്നെ കൊല്ലണം, എന്റെ കൈയ്യിൽ ബോംബുണ്ട്” എന്ന് ഇയാൾ പോലീസിനോട് വിളിച്ച് പറഞ്ഞതായും പോലീസ് കമാൻഡിംഗ് ഓഫീസർ ജെറാൾഡ് ഡൗലിംഗ് അറിയിച്ചു.
സംഭാഷണം നീളുന്നതിനിടെ, ഈസ്റ്റ് റിവറിന് നൂറുകണക്കിന് അടി മുകളിലുള്ള കേബിളിൽ നിന്ന് ഇയാൾ താഴെ നിന്ന പോലീസ് ഉദ്യോഗസ്ഥരുടെ നേരെ വേഗത്തിൽ ഇറങ്ങിവന്നു. കേബിളിൽ സുരക്ഷാ ബെൽറ്റുകൾ ഉപയോഗിച്ച് ബന്ധിക്കപ്പെട്ടിരുന്നതിനാൽ ഉദ്യോഗസ്ഥർക്ക് വേഗത്തിൽ പിന്നോട്ട് മാറാൻ സാധിച്ചില്ല.
പോലീസുകാരന്റെ ജീവന് ഭീഷണിയായ ഈ നിമിഷത്തിൽ പാലത്തിന്റെ റോഡിൽ നിലയുറപ്പിച്ചിരുന്ന ESU ഉദ്യോഗസ്ഥൻ ഇയാൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. വെടിയേറ്റയാളെ ഉടൻ തന്നെ കേബിളിൽ നിന്ന് താഴെയിറക്കി പ്രഥമശൂശ്രൂഷ നൽകിയ ശേഷം സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇയാളിൽ നിന്ന് കത്തിയും ഫ്ലാഷ്ലൈറ്റും കണ്ടെടുത്തു. മരിച്ചയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും ബോഡി ക്യാമറ ദൃശ്യങ്ങൾ പുറത്തുവിടുമെന്നും ന്യൂയോർക്ക് അധികൃതർ വ്യക്തമാക്കി.