Sathyian Nedumancherriyil

Subject : ബ്രിട്നി സ്പിയേഴ്സിനും ഖാലിദിനും ഹിറ്റ് ഗാനങ്ങളൊരുക്കിയ 35-കാരനായ മാർക്ക് ഒറാബീയിക്ക് ലണ്ടനിൽ ദാരുണാന്ത്യം.

ബ്രിട്നി സ്പിയേഴ്സിനും ഖാലിദിനും ഹിറ്റ് ഗാനങ്ങളൊരുക്കിയ 35-കാരനായ മാർക്ക് ഒറാബീയിക്ക് ലണ്ടനിൽ ദാരുണാന്ത്യം.

ലണ്ടൻ : ബ്രിട്നി സ്പിയേഴ്സ്, ജെസ്സി ജെ, ക്രെയ്ഗ് ഡേവിഡ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങൾക്ക് വേണ്ടി ഗാനങ്ങളൊരുക്കിയ പ്രശസ്ത ബ്രിട്ടീഷ് സംഗീതജ്ഞൻ ടാലെ റൈലി (35) ലണ്ടനിൽ കുത്തേറ്റു മരിച്ചു. മാർക്ക് ഒറാബീയി എന്നാണ് ഇദ്ദേഹത്തിന്റെ യഥാർത്ഥ നാമം. കിഴക്കൻ ലണ്ടനിലെ സിൽവർടൗണിൽ ജൂൺ 5-ന് രാവിലെയാണ് കുത്തേറ്റ നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. ഉടൻ തന്നെ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ വിയോഗത്തിൽ സ്റ്റോംസി, ഒറിറ്റ്സെ വില്യംസ് അടക്കമുള്ള പ്രമുഖ സംഗീതജ്ഞർ അനുശോചനം രേഖപ്പെടുത്തി.

തന്റെ സഹോദരന്റെ അപ്രതീക്ഷിത മരണം ഏൽപ്പിച്ച ആഘാതം ഇനിയും ഉൾക്കൊള്ളാനായിട്ടില്ലെന്ന് പ്രശസ്ത റെക്കോർഡ് പ്രൊഡ്യൂസറായ സഹോദരൻ മൈക്കൽ ഒറാബീയി (സ്ക്രിബ്സ് റൈലി) ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. മരണത്തിന് തൊട്ടുമുൻപും തങ്ങൾ ഭാവിയെക്കുറിച്ചും സംഗീതത്തെക്കുറിച്ചും ഏറെ പ്രതീക്ഷയോടെ സംസാരിച്ചിരുന്നതായി അദ്ദേഹം ഓർമ്മിച്ചു. പ്രതിഭ കൊണ്ടും ദയവുള്ള മനസ്സ് കൊണ്ടും ഒരുപാട് പേരുടെ ജീവിതത്തിൽ വെളിച്ചം വീശിയ വ്യക്തിയായിരുന്നു മാർക്കെന്നും അദ്ദേഹത്തിന്റെ സംഗീതത്തിലൂടെയും ഓർമ്മകളിലൂടെയും ആ പൈതൃകം നിലനിൽക്കുമെന്നും സഹോദരൻ കൂട്ടിച്ചേർത്തു.

പതിനെട്ടാം വയസ്സിൽ തന്നെ പ്രമുഖ പബ്ലിഷിങ് കമ്പനിയുമായി കരാറിലൊപ്പിട്ട ടാലെ റൈലി, ബ്രിട്ടീഷ് സംഗീത ലോകത്ത് വലിയ സ്വാധീനമുള്ള വ്യക്തിയായിരുന്നു. ഖാലിദിന്റെ പ്രശസ്തമായ ‘യങ് ഡംബ് ആൻഡ് ബ്രോക്ക്’, ദ ചെയിൻസ്മോക്കേഴ്സിന്റെ ‘ഹൂ ഡു യു ലവ്’ തുടങ്ങിയ ആഗോള ഹിറ്റുകൾക്ക് പിന്നിലും ഇദ്ദേഹത്തിന്റെ പ്രതിഭയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഹോളിവുഡ് ഗായകരായ ഖാലിദ്, കെഹ്‌ലാനി, എച്ച്.ഇ.ആർ (HER) തുടങ്ങിയവരും സോഷ്യൽ മീഡിയയിലൂടെ ദുഃഖം പങ്കുവെച്ചു.

കൊലപാതകത്തെക്കുറിച്ച് മെട്രോപൊളിറ്റൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും, ചോദ്യം ചെയ്യലിന് ശേഷം ഒരു യുവതിയടക്കം രണ്ട് പേരെ വിട്ടയക്കുകയും 27 വയസ്സുകാരനായ മറ്റൊരാളെ ജാമ്യത്തിൽ വിടുകയും ചെയ്തു. സിൽവർടൗണിലെ പാൻഖർസ്റ്റ് അവന്യൂവിൽ അന്ന് രാവിലെ ഒൻപത് മണിയോടെ സംശയകരമായ സാഹചര്യത്തിൽ ആരെയെങ്കിലും കണ്ടവരോ, സിസിടിവി ദൃശ്യങ്ങൾ ഉള്ളവരോ ഉണ്ടെങ്കിൽ വിവരങ്ങൾ കൈമാറണമെന്ന് പോലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.