ബ്രിട്ടീഷ് യാത്രക്കാർക്ക് ആശ്വാസം; ചാനൽ അതിർത്തിയിലെ പുതിയ ബയോമെട്രിക് പരിശോധനകൾ നീട്ടിവെച്ചു.
ലണ്ടൻ : ബ്രിട്ടനിൽ നിന്ന് ഫ്രാൻസിലേക്ക് കടക്കുന്ന യാത്രക്കാർക്ക് ഏർപ്പെടുത്താനിരുന്ന പുതിയ ബയോമെട്രിക് പരിശോധനകൾ (EES) സാങ്കേതിക തടസ്സങ്ങൾ മൂലം വീണ്ടും നീട്ടിവെച്ചു. യൂറോപ്യൻ യൂണിയന്റെ പുതിയ അതിർത്തി സുരക്ഷാ സംവിധാനം ഏപ്രിൽ 10 മുതൽ പൂർണ്ണമായി നടപ്പിലാക്കാനിരിക്കെയാണ്, ഫ്രാൻസിലെ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലുണ്ടായ കാലതാമസം മൂലം ചാനൽ അതിർത്തികളിൽ ഇളവ് അനുവദിച്ചിരിക്കുന്നത്.
ഇതിനാൽ യൂറോടണൽ, യൂറോസ്റ്റാർ, ഫെറി സർവീസുകൾ എന്നിവ ഉപയോഗിക്കുന്ന യാത്രക്കാർക്ക് നിലവിൽ വിരലടയാള പരിശോധനയോ ഫേഷ്യൽ ഐഡിയോ നേരിടേണ്ടി വരില്ല; പകരം പാസ്‌പോർട്ടിൽ സീൽ പതിപ്പിക്കുന്ന പഴയ രീതി തന്നെ തുടരും. ഈസ്റ്റർ അവധിക്കാലത്ത് വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് വിമാനക്കമ്പനികൾ ഭയപ്പെട്ടിരുന്ന സാഹചര്യത്തിൽ ഈ തീരുമാനം യാത്രക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ ലിസ്ബൺ, ബ്രസ്സൽസ് തുടങ്ങിയ വിമാനത്താവളങ്ങളിൽ ഈ സംവിധാനം നടപ്പിലാക്കിയത് വലിയ യാത്രാദുരിതത്തിന് കാരണമായ പശ്ചാത്തലത്തിൽ, വരാനിരിക്കുന്ന ആഴ്ചകളിൽ വലിയ പരിശോധനകൾ ഇല്ലാതെ തന്നെ ബ്രിട്ടീഷ് പൗരന്മാർ ഉൾപ്പെടെയുള്ളവർക്ക് ഫ്രാൻസിലേക്ക് യാത്ര ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.