ബ്രിട്ടനെ നടുക്കിയ കൊലപാതകം: വംശീയ അധിക്ഷേപവുമായി യൂറോപ്പിലെ തീവ്രവലതുപക്ഷം!
ലണ്ടൻ: കഴിഞ്ഞ ഡിസംബറിൽ സതാംപ്ടണിൽ മലയാളി വംശജനായ വിക്രം ദിഗ്‌വ കുത്തിക്കൊലപ്പെടുത്തിയ ഹെൻറി നൊവാക് (18) എന്ന കൗമാരക്കാരന്റെ ദാരുണമായ മരണം യൂറോപ്പിലെ തീവ്രവലതുപക്ഷ സംഘടനകൾ വംശീയ-രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതായി റിപ്പോർട്ട്. കൊലപാതകത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും കത്തിക്കുത്തുകൾ തടയാൻ നടപടി വേണമെന്നുമുള്ള നൊവാക്കിന്റെ കുടുംബത്തിന്റെ അഭ്യർത്ഥന തള്ളിയാണ് പോളണ്ട്, ഫ്രാൻസ്, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിലെ വലതുപക്ഷ നേതാക്കൾ കുടിയേറ്റവിരുദ്ധ പ്രചാരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
തന്റെ മകൻ കുത്തേറ്റു വീണപ്പോൾ പ്രതി വിക്രം ദിഗ്‌വ പോലീസിനോട് വംശീയമായി അധിക്ഷേപിക്കപ്പെട്ടുവെന്ന് കള്ളം പറഞ്ഞതായും, മരിച്ചുകൊണ്ടിരുന്ന നൊവാക്കിനെ പോലീസ് വിലങ്ങുവെച്ചതായും കാണിച്ച് പുറത്തുവന്ന ദൃശ്യങ്ങളാണ് ഇവർ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നത്. ഇത് ബ്രിട്ടന്റെ പതനത്തിന്റെ ആഴം കൂട്ടുന്നുവെന്നാണ് പോളിഷ് എം.ഇ.പി ഇവാ സയോൺകോവ്സ്ക ഉൾപ്പെടെയുള്ളവർ ആരോപിക്കുന്നത്. ഇടത് പ്രത്യയശാസ്ത്രവും രാഷ്ട്രീയ മര്യാദകളും കാരണം യഥാർത്ഥ കുറ്റവാളികൾ സംരക്ഷിക്കപ്പെടുകയാണെന്നും ഇവർ വാദിക്കുന്നു.
ബ്രിട്ടനിലെ റിഫോം യുകെ നേതാവ് നൈജൽ ഫരാജ് ഉൾപ്പെടെയുള്ളവരും പോലീസിന്റെ നടപടിക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ രംഗത്തെത്തി. ഇത് ജനങ്ങളിൽ ക്രോധം വളർത്തേണ്ട സമയമല്ലെന്നും, കൂടുതൽ അക്രമങ്ങൾക്കും അരാജകത്വങ്ങൾക്കും ഒരു ന്യായീകരണവുമില്ലെന്നും അദ്ദേഹം പാർലമെന്റിൽ വ്യക്തമാക്കി.
അതേസമയം, സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത മുൻ പോലീസ് ഉദ്യോഗസ്ഥ ക്രിസ്റ്റി ഹില്ലിനെതിരെ സോഷ്യൽ മീഡിയയിലൂടെയും എഐ പ്ലാറ്റ്‌ഫോമുകളിലൂടെയും വ്യാജപ്രചാരണം നടന്നതായും റിപ്പോർട്ടുണ്ട്. കേസിൽ പ്രതിയായ 23-കാരനായ വിക്രം ദിഗ്‌വയ്ക്ക് കോടതി കഴിഞ്ഞ ദിവസം 21 വർഷം കുറഞ്ഞ ശിക്ഷയോടെ ജീവപര്യന്തം തടവ് വിധിച്ചിരുന്നു. എന്നാൽ ഈ ശിക്ഷ ലഘുവായിപ്പോയെന്ന പരാതിയെ തുടർന്ന് അറ്റോർണി ജനറൽ ഓഫീസ് ഇത് പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ്.