ബ്രിട്ടനിൽ കടുത്ത സാമൂഹിക ഭിന്നത; മുസ്ലിങ്ങൾക്ക് സമൂഹത്തിൽ ലയിച്ചുചേരാനാകില്ലെന്ന് വലിയൊരു വിഭാഗം ജനങ്ങൾ എന്ന് സർവേ റിപ്പോർട്ട്.
ലണ്ടൻ: ബ്രിട്ടനിലെ അഞ്ചിൽ രണ്ട് പേരും മുസ്ലീം ജനവിഭാഗങ്ങൾക്ക് ബ്രിട്ടീഷ് സമൂഹവുമായി ലയിച്ചുചേരാൻ കഴിയില്ലെന്ന് വിശ്വസിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ട്. രാജ്യത്തെ മുൻ കൗണ്ടർ എക്സ്ട്രീമിസം കമ്മീഷണർ സാറാ ഖാൻ പുറത്തുവിട്ട ‘ബ്രിട്ടൻ അണ്ടർ സ്ട്രെയിൻ’ എന്ന റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്. രാജ്യത്തെ വൈവിധ്യങ്ങൾ കാരണം ബ്രിട്ടന്റെ ദേശീയ വ്യക്തിത്വം തന്നെ നഷ്ടപ്പെടുന്നുണ്ടെന്ന് പകുതിയിലധികം ജനങ്ങളും വിശ്വസിക്കുന്നു.
മോർ ഇൻ കോമൺ നടത്തിയ സർവേയിൽ 55% ആളുകളും വൈവിധ്യം ദേശീയ സ്വത്വത്തെ ഇല്ലാതാക്കുന്നു എന്ന അഭിപ്രായക്കാരാണ്. യുകെയിലെ മൂന്നിലൊന്ന് ആളുകൾ കുടിയേറ്റക്കാരെ തിരികെ അയക്കുന്നതിനെ അനുകൂലിക്കുമ്പോൾ 42% പേർ മുസ്ലീങ്ങളുടെ ലയനസാധ്യതയെ തള്ളിക്കളയുന്നു. റീഫോം യുകെ പാർട്ടിയുടെ പിന്തുണയ്ക്കുന്നവർക്കിടയിൽ ഈ നിരക്ക് 71 ശതമാനമാണ്. അതേസമയം, 64% ബ്രിട്ടീഷ് മുസ്ലീങ്ങളും ശ്വേതവർഗ്ഗക്കാർ തങ്ങൾക്കെതിരെ പ്രവർത്തിക്കുന്നുവെന്ന് കരുതുന്നു. വിദ്വേഷ ഗ്രൂപ്പുകളും വിദേശ ശക്തികളും രാജ്യത്തെ ഭിന്നതകൾ കൂടുതൽ വഷളാക്കാൻ ഇത്തരം തീവ്രചിന്താഗതികൾ ഉപയോഗിക്കുന്നുണ്ട്.
രാജ്യത്തെ ജനങ്ങളും പ്രധാന സ്ഥാപനങ്ങളും തമ്മിലുള്ള സാമൂഹിക കരാറും വിശ്വാസ്യതയും തകർന്നതായി 61% പേരും വിലയിരുത്തുന്നു. ലക്ഷ്യങ്ങൾ നേടുന്നതിനായി നിയമങ്ങളും സ്ഥാപനങ്ങളും അവഗണിക്കുന്നതിൽ തെറ്റില്ലെന്ന് 28% പേർ കരുതുന്നു. രാജ്യത്തെ ഈ അവസ്ഥ കേവലം താൽക്കാലിക പ്രതിസന്ധിയല്ലെന്നും ജനാധിപത്യ മൂല്യങ്ങളെ തകർക്കുന്ന ആഴത്തിലുള്ള ഘടനാപരമായ പ്രശ്നമാണെന്നും സാറാ ഖാൻ മുന്നറിയിപ്പ് നൽകുന്നു. തീവ്രവാദവും വിദ്വേഷവും തടയാൻ പുതിയ പ്രധാനമന്ത്രിക്ക് മുന്നിലുള്ള സമയം വളരെ പരിമിതമാണെന്നും അവർ കൂട്ടിച്ചേർത്തു.
രാഷ്ട്രീയ അക്രമങ്ങൾ ഒന്നിനും പരിഹാരമല്ലെന്ന് 80% ബ്രിട്ടീഷുകാർ പറയുമ്പോഴും, 18-34 പ്രായത്തിലുള്ള യുവാക്കളിൽ 29% പേരും ഇത്തരം അക്രമങ്ങൾ അംഗീകരിക്കാവുന്നതാണെന്ന പക്ഷക്കാരാണ്. കുടിയേറ്റക്കാരെ തിരിച്ചയക്കണമെന്ന രീതിയിലുള്ള തീവ്ര വലതുപക്ഷ ഗ്രൂപ്പുകളുടെ പ്രചാരണങ്ങൾ രാജ്യത്തിന്റെ നിയമവ്യവസ്ഥയ്ക്കും മൂല്യങ്ങൾക്കും വിരുദ്ധമാണെന്ന് വിദ്വേഷ ഇരകൾക്കായി പ്രവർത്തിക്കുന്ന ‘ടെൽ മാമ’ സംഘടനയുടെ ഡയറക്ടർ ഇമാൻ അറ്റാ പറഞ്ഞു. വിഭിന്ന സമൂഹങ്ങൾ തമ്മിലുള്ള ഈ അകൽച്ച പരിഹരിക്കാൻ സർക്കാർ അടിയന്തിരമായി ഇടപെട്ടില്ലെങ്കിൽ വരും നാളുകൾ കൂടുതൽ കലുഷിതമാകുമെന്നാണ് വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ്.