ബെൽഫാസ്റ്റിൽ വംശീയ അക്രമം പുകയുന്നു; സോഷ്യൽ മീഡിയ വഴി വിദ്വേഷം പടർത്തുന്നവർക്കെതിരെ കടുത്ത വിമർശനവുമായി യുകെ ഭരണകൂടം.
വടക്കൻ അയർലണ്ട് : വടക്കൻ അയർലണ്ടിലെ ബെൽഫാസ്റ്റിൽ (Belfast) വലിയ അക്രമസംഭവങ്ങൾക്കും കുടുംബങ്ങൾ വീടുവിട്ട് ഓടിപ്പോകേണ്ടി വന്ന സാഹചര്യത്തിനും വഴിയൊരുക്കിയത് ഓൺലൈൻ വഴി വിദ്വേഷം പടർത്തുന്നവരാണെന്ന് വടക്കൻ അയർലണ്ടിന്റെ നീതിന്യായ മന്ത്രി നവോമി ലോങ് (Naomi Long) കുറ്റപ്പെടുത്തി. ബെൽഫാസ്റ്റ് നഗരം മാപ്പിൽ എവിടെയാണെന്ന് പോലും കൃത്യമായി അറിയാത്ത ‘ബാഡ് ഫെയ്ത്ത് ആക്ടേഴ്സ്’ ആണ് സോഷ്യൽ മീഡിയ വഴി വംശീയ വിദ്വേഷവും ജനങ്ങൾക്കിടയിൽ ഭീതിയും പടർത്താൻ ശ്രമിക്കുന്നത്. എക്സ് (X) പ്ലാറ്റ്‌ഫോമിന്റെ ഉടമയും ശതകോടീശ്വരനുമായ എലോൺ മസ്ക് (Elon Musk) ഉൾപ്പെടെയുള്ളവർക്ക് ഇത്തരം വിദ്വേഷങ്ങൾ ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിക്കാതിരിക്കാൻ ഉത്തരവാദിത്തമുണ്ടെന്ന് യുകെ കാബിനറ്റ് മന്ത്രി അന്ന ടർലിയും (Anna Turley) വ്യക്തമാക്കി.
ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് ബെൽഫാസ്റ്റിൽ മുഖംമൂടി ധരിച്ച അക്രമിക്കൂട്ടങ്ങൾ വാഹനങ്ങൾക്കും കെട്ടിടങ്ങൾക്കും തീയിട്ട് വൻതോതിൽ അക്രമങ്ങൾ അഴിച്ചുവിട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ബെൽഫാസ്റ്റിൽ നടന്ന ക്രൂരമായ ഒരു കത്തിക്കുത്ത് അക്രമ സംഭവത്തിന് പ്രതികാരമായി ‘പ്രതിഷേധം’ എന്ന പേരിലായിരുന്നു ഈ വംശീയ കലാപം. കത്തിക്കുത്ത് കേസുമായി ബന്ധപ്പെട്ട് 30 വയസ്സുകാരനായ ഒരു സുഡാനീസ് അഭയാർത്ഥിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ഇയാൾക്കെതിരെ വധശ്രമത്തിന് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.
ഈ പ്രതി മുൻപ് പാരീസിൽ നിന്ന് വിമാനം വഴി ഡബ്ലിനിൽ എത്തുകയും, അവിടെ നിന്ന് അതിർത്തി കടന്ന് 2023 ഫെബ്രുവരിയിലാണ് വടക്കൻ അയർലണ്ടിലേക്ക് പ്രവേശിച്ചതെന്നും പോലീസ് വിവരങ്ങൾ പുറത്തുവിട്ടു. തുടർന്ന് ഇയാൾക്ക് 2028 വരെ യുകെയിൽ തുടരാനുള്ള അനുമതിയും ലഭിച്ചിരുന്നു. പ്രതിയുടെ ഈ കുടിയേറ്റ വിവരങ്ങൾ പുറത്തുവന്നതോടെയാണ് കുടിയേറ്റ വിരുദ്ധരും വലതുപക്ഷ സംഘടനകളും പ്രദേശത്ത് കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയത്.
ഈ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ, റിപ്പബ്ലിക് ഓഫ് അയർലണ്ടും നോർത്തേൺ അയർലണ്ടും തമ്മിലുള്ള അതിർത്തികളിൽ കർശനമായ യാത്രാ നിയന്ത്രണങ്ങളും പരിശോധനകളും വേണമെന്ന ആവശ്യവുമായി വലതുപക്ഷ പാർട്ടികൾ വീണ്ടും സജീവമായിട്ടുണ്ട്.പ്രദേശത്ത് കുടുംബങ്ങളുടെ വീടുകൾക്ക് തീയിട്ട സംഭവത്തെ പ്രത്യേകം അപലപിക്കാൻ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (DUP) എംപി കാർല ലോക്ക്ഹാർട്ട് തയ്യാറായില്ലെങ്കിലും, എല്ലാത്തരം അക്രമങ്ങളെയും താൻ ശക്തമായി അപലപിക്കുന്നതായി അവർ വ്യക്തമാക്കി.