ബെഡ്‌ഫോർഡ് – ലൂട്ടൺ: നൂറിലധികം പേർക്ക് പരിക്ക്, ഒരു മരണം; റെയിൽ പാത ഒരാഴ്ചത്തേക്ക് അടച്ചിടും
ബെഡ്‌ഫോർഡ് : ബെഡ്‌ഫോർഡിനും ലൂട്ടണിനും (Bedford – Luton) ഇടയിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തെത്തുടർന്ന് ഈ പാതയിലുടനീളമുള്ള റെയിൽ സർവീസുകൾ ജൂൺ 28 വരെ പൂർണ്ണമായി തടസ്സപ്പെടും. അപകടത്തിൽ ഒരു ട്രെയിൻ ഡ്രൈവർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്; നിലവിൽ ആശുപത്രിയിലുള്ളവരിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കോർബിയിൽ നിന്നും നോട്ടാങ്ഹാമിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന രണ്ട് ഈസ്റ്റ് മിഡ്‌ലാൻഡ്‌സ് റെയിൽവേ (EMR) ട്രെയിനുകളാണ് എൽസ്റ്റോ (Elstow) ഇന്റർചേഞ്ചിന് സമീപം കൂട്ടിയിടിച്ചത്.
മുന്നിലുണ്ടായിരുന്ന ട്രെയിനിന്റെ പിൻഭാഗത്തേക്ക് രണ്ടാമത്തെ ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. അപകടത്തെക്കുറിച്ച് ‘റെയിൽ ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച്’ (RAIB), ബ്രിട്ടീഷ് ട്രാൻസ്‌പോർട്ട് പോലീസ് എന്നിവർ സംയുക്തമായി സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത് തികച്ചും നിർഭാഗ്യകരവും ഒറ്റപ്പെട്ടതുമായ ഒരു സംഭവമാണെന്നാണ് നെറ്റ്‌വർക്ക് റെയിൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചത്.
അപകടത്തെത്തുടർന്ന് ബെഡ്‌ഫോർഡിനും ലണ്ടൻ സെന്റ് പാൻക്രാസിനും ഇടയിൽ ഈ ആഴ്ച ട്രെയിൻ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല. തിരക്കേറിയ തേംസ്‌ലിങ്ക് ലൈനിൽ ലൂട്ടണിന് വടക്കോട്ടുള്ള സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. തിങ്കളാഴ്ച മുതൽ സെന്റ് പാൻക്രാസിൽ നിന്ന് ലൂട്ടൺ വരെ പരിമിതമായ സർവീസുകൾ ആരംഭിക്കുമെങ്കിലും, ലൂട്ടൺ എയർപോർട്ട് എക്സ്പ്രസ് സർവീസുകൾ പൂർണ്ണമായി റദ്ദാക്കി പകരം താൽക്കാലിക ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
തകർന്ന ട്രെയിൻ അവശിഷ്ടങ്ങൾ ഉയർത്തി മാറ്റാൻ 110 ടൺ ശേഷിയുള്ള രണ്ട് കൂറ്റൻ ക്രെയിനുകൾ എത്തിക്കുന്നതിനായി ട്രാക്കിന് മുകളിലുള്ള വൈദ്യുത ലൈനുകൾ നീക്കം ചെയ്യുകയും താൽക്കാലിക റോഡ് നിർമ്മിക്കുകയും ചെയ്യുകയാണ്. ഇതിനുശേഷം മാത്രമേ ട്രാക്കിന്റെ കേടുപാടുകൾ തീർക്കാനും സർവീസുകൾ പുനരാരംഭിക്കാനും സാധിക്കുകയുള്ളൂ.
അപകടമുണ്ടായ എൽസ്റ്റോ പ്രദേശത്തെ ജനങ്ങൾ ദുരന്തബാധിതർക്ക് ഉടനടി കുടിവെള്ളവും ഭക്ഷണവും എത്തിച്ചു നൽകി കാരുണ്യത്തിന്റെ ഉദാത്തമായ മാതൃക കാണിച്ചു. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ ഈ റൂട്ടിൽ യാത്ര ചെയ്യാവൂ എന്നും, യാത്ര പുറപ്പെടുന്നതിന് മുൻപായി റെയിൽവേ ആപ്പുകളോ വെബ്‌സൈറ്റുകളോ പരിശോധിച്ച് ലൈവ് അപ്‌ഡേറ്റുകൾ ഉറപ്പുവരുത്തണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു