ബിഗ് ടാസ്ക്: ഇനി യുകെ നോട്ടുകളിൽ ‘പഫിനും പൈൻ മാർട്ടനും’ തിളങ്ങും; ചരിത്രപുരുഷന്മാർക്ക് പകരം വന്യജീവികൾ വരുന്നു!
ലണ്ടൻ: ബ്രിട്ടനിലെ കറൻസി നോട്ടുകളിൽ ഇനി വന്യജീവികളുടെ ചിത്രങ്ങൾ തിളങ്ങും. പഫിൻ പക്ഷികളും ഡോൾഫിനുകളും തേനീച്ചകളും ഉൾപ്പെടെയുള്ള ജീവികളെ പുതിയ ബാങ്ക് നോട്ടുകളിൽ ഉൾപ്പെടുത്താനുള്ള ചുരുക്കപ്പട്ടിക ബാങ്ക് ഓഫ് ഇംഗ്ലണ്ട് പുറത്തുവിട്ടു. കള്ളനോട്ടുകൾ തടയുന്നതിനുള്ള അത്യാധുനിക സുരക്ഷാ ഫീച്ചറുകൾ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നോട്ടുകളുടെ രൂപകൽപ്പന മാറ്റുന്നത്. കറൻസികളിൽ വന്യജീവികളുടെ ചിത്രങ്ങൾ വരണമെന്നാണ് ഭൂരിഭാഗം ജനങ്ങളും താല്പര്യപ്പെട്ടതെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.
നിലവിൽ ബാങ്ക് നോട്ടുകളിലുള്ള വിൻസ്റ്റൺ ചർച്ചിൽ, ജെയ്ൻ ഓസ്റ്റിൻ, അലൻ ട്യൂറിംഗ് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾക്ക് പകരമായാവും വന്യജീവികൾ ഇടംപിടിക്കുക. എന്നാൽ ഈ തീരുമാനത്തിനെതിരെ രാഷ്ട്രീയ വൃത്തങ്ങളിൽ നിന്ന് കടുത്ത വിമർശനവും ഉയർന്നിട്ടുണ്ട്. ചരിത്രപുരുഷന്മാരെ മാറ്റുന്നത് വിഡ്ഢിത്തമാണെന്ന് രാഷ്ട്രീയ നേതാക്കളായ നൈജൽ ഫരാജ്, കെമി ബാഡെനോക്ക് എന്നിവർ ആരോപിച്ചു.
ഒരു കൂട്ടം വന്യജീവി വിദഗ്ദ്ധർ തയ്യാറാക്കിയ പട്ടികയിൽ നിന്നും പൊതുജനങ്ങൾക്ക് വോട്ട് രേഖപ്പെടുത്തി പ്രിയപ്പെട്ട ജീവികളെ തിരഞ്ഞെടുക്കാം. സസ്തനികൾ, പക്ഷികൾ, മറ്റ് ജീവികൾ (ഉഭയജീവികൾ, പ്രാണികൾ, മത്സ്യങ്ങൾ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് പട്ടിക തിരിച്ചിരിക്കുന്നത്. ജൂലൈ 3 വരെ പൊതുജനങ്ങൾക്ക് വോട്ട് ചെയ്യാം. കാഴ്ചയിൽ പരസ്പരം തിരിച്ചറിയാൻ എളുപ്പമുള്ള നാല് ജീവികളെയാവും ഒടുവിൽ കറൻസികൾക്കായി തിരഞ്ഞെടുക്കുക. എന്നാൽ ഈ പുതിയ നോട്ടുകൾ രൂപകൽപ്പന ചെയ്ത് ജനങ്ങളുടെ കൈകളിലെത്താൻ ഇനിയും വർഷങ്ങളെടുക്കുമെന്നാണ് ബാങ്ക് അറിയിച്ചിരിക്കുന്നത്.