Sathyian Nedumancherriyil

Subject : ഫിന ഫാളിൽ യുവരക്തം തിളയ്ക്കുന്നു; നേതൃത്വത്തിനെതിരെ പടയൊരുക്കം. കലാപവുമായി യുവ ടി.ഡിമാർ.

ഫിന ഫാളിൽ യുവരക്തം തിളയ്ക്കുന്നു; നേതൃത്വത്തിനെതിരെ പടയൊരുക്കം. കലാപവുമായി യുവ ടി.ഡിമാർ.

ഡബ്ലിന്‍ :ഇന്ധന വിലക്കയറ്റം ഉൾപ്പെടെയുള്ള ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അയർലൻഡിലെ ഭരണകക്ഷിയായ ഫിന ഫാളിൽ (Fianna Fáil) ആഭ്യന്തര സംഘർഷം രൂക്ഷമാകുന്നു. ജെയിംസ് ഒ കോണർ, റയാൻ ഒ മീര, ആൽബർട്ട് ഡോളൻ എന്നീ മൂന്ന് യുവ ടി.ഡിമാർ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നതോടെയാണ് പാർട്ടിയിൽ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്.

നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അംഗീകരിക്കാനാവില്ലെന്നും ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ നേതൃത്വം അടിയന്തരമായി ഇടപെടണമെന്നും ഇവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. തങ്ങളുടെ പ്രായത്തിലുള്ളവർക്ക് രാഷ്ട്രീയത്തിൽ വിശ്വാസം നഷ്ടപ്പെടുകയാണെന്ന ഗൗരവകരമായ നിരീക്ഷണവും ഇവർ പങ്കുവെച്ചു.യുവ നേതാക്കളുടെ പ്രതിഷേധത്തിന് പിന്നാലെ സീൻ ഒ ഫിയർഗൈൽ, പൗഡി ഒ സള്ളിവൻ, സെനറ്റർ ആൻ റാബിറ്റ് എന്നിവരും പാർലമെന്ററി പാർട്ടി യോഗം അടിയന്തരമായി വിളിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിട്ടുണ്ട്.

സർക്കാരിന്റെ നിലപാടുകളിൽ വോട്ടർമാർക്കിടയിൽ വലിയ അസംതൃപ്തിയുണ്ടെന്നും ഇത് പാർട്ടിയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുമെന്നും മുതിർന്ന നേതാവായ വില്ലി ഒ ഡിയയും മുന്നറിയിപ്പ് നൽകി. പ്രശ്നം പരിഹരിക്കുന്നതിനായി ഗവൺമെന്റ് ചീഫ് വിപ്പ് മേരി ബട്‌ലർ വിമത ടി.ഡിമാരുമായി ചർച്ചകൾ നടത്തിവരികയാണ്. പ്രതിഷേധം ശക്തമായതോടെ റ്റീഷേക്ക് (Taoiseach) നേരിട്ട് ഇടപെടുകയും യുവ ടി.ഡിമാരെ അടിയന്തരമായി വിളിച്ച് കൂടിക്കാഴ്ച നടത്തുകയും ചെയ്തിട്ടുണ്ട്. നേതൃത്വത്തിന്റെ വാതിലുകൾ എപ്പോഴും തുറന്നുതന്നെയാണെന്നും പ്രശ്നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നുമാണ് സർക്കാർ നൽകുന്ന വിശദീകരണം.