പ്രതിഷേധം ശക്തമായതിനെത്തുടർന്ന് മിലാനിൽ സൈന്യത്തെ വിന്യസിച്ച് ഇറ്റലി; ആഡംബര കടകൾ അടച്ചുപൂട്ടി.
റോം:മോശം പൊതുസേവനങ്ങളിലും ഉയർന്ന ജീവിതച്ചെലവിനുമെതിരെയുണ്ടായ ജനകീയ പ്രക്ഷോഭം അക്രമത്തിലേക്ക് വഴിമാറിയതിനെത്തുടർന്ന്, ഇറ്റാലിയൻ നഗരമായ മിലാനെ (Milan) സംരക്ഷിക്കാനായി 500 സൈനികരെ വിന്യസിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ഡെപ്യൂട്ടി പ്രധാനമന്ത്രി മാറ്റിയോ സാൽവിനിയാണ് തിങ്കളാഴ്ച ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നഗരത്തിൽ വ്യാപകമായ അക്രമങ്ങളും കൊള്ളയടിയും നടന്നിരുന്നു. പ്രക്ഷോഭകർ പൊലീസുമായി ഏറ്റുമുട്ടുകയും വസ്തുവകകൾ നശിപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൊവ്വാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം പുതിയ സുരക്ഷാ നടപടികൾക്ക് അംഗീകാരം നൽകുന്നത്. അക്രമ സാധ്യത കണക്കിലെടുത്ത് സാമ്പത്തിക തലസ്ഥാനമായ മിലാനിലെ കടകൾ നേരത്തെ അടച്ചുപൂട്ടുകയും ജനലുകൾ പലകയിട്ട് മറയ്ക്കുകയും ചെയ്തിട്ടുണ്ട്.
ചാനെൽ, ടിഫാനി, ഡിയോർ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളുടെ ഔട്ട്ലെറ്റുകൾ സ്ഥിതി ചെയ്യുന്ന മിലാനിലെ ‘വിയ മോണ്ടെനപോലിയോൺ’ (Via Montenapoleone) ആഡംബര ഷോപ്പിംഗ് ജില്ലയിൽ മുൻകരുതലിന്റെ ഭാഗമായി കടകൾ ഉൽപ്പന്നങ്ങൾ ഡിസ്പ്ലേ വിൻഡോകളിൽ നിന്ന് മാറ്റി. ശനിയാഴ്ച സമാധാനപരമായി ആരംഭിച്ച പ്രതിഷേധം പിന്നീട് അക്രമപരമ്പരയായി മാറുകയായിരുന്നു.
അക്രമങ്ങളെ ശക്തമായി അപലപിച്ച ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോണി, സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി സുരക്ഷാ മേധാവികളുടെ അടിയന്തര യോഗം വിളിച്ചുചേർത്തു. പ്രായപൂർത്തിയാകാത്തവരുടെ അതിക്രമങ്ങൾ കർശനമായി നേരിടുമെന്ന് വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയും വ്യക്തമാക്കി. ഇതിന്റെ ഭാഗമായി പ്രായപൂർത്തിയാകാത്തവർക്കെയുള്ള തടവ് നീട്ടുന്നതും യുവതീവ്രവാദ സംഘങ്ങളെ അടിച്ചമർത്തുന്നതും ഉൾപ്പെടെയുള്ള സുരക്ഷാ നിയമങ്ങൾ സർക്കാർ പരിഗണിക്കുന്നുണ്ട്. അക്രമങ്ങളുമായി ബന്ധപ്പെട്ട് മിലാനിൽ മാത്രം 271 പേരെ കസ്റ്റഡിയിലെടുക്കുകയും 32 പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇതിൽ ഭൂരിഭാഗവും പ്രായപൂർത്തിയാകാത്തവരും വിദേശ പൗരന്മാരുമാണ്.
രാജ്യത്ത് അടുത്ത വർഷം ദേശീയ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഈ സംഭവങ്ങൾ സർക്കാരിന് വലിയ രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നത്. അയൽരാജ്യമായ ഫ്രാൻസിൽ ജീവിതച്ചെലവ് വർധിച്ചതിനെത്തുടർന്ന് നടന്ന അതിശക്തമായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഇറ്റലിയിലും സമാനമായ സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്. പൊതുസേവനങ്ങളിലെ വീഴ്ചകൾക്കെതിരെയുള്ള ജനരോഷം യൂറോപ്യൻ രാജ്യങ്ങളിൽ വ്യാപകമായ ആശങ്കയാണ് സൃഷ്ടിക്കുന്നത്.