പുതിയ ശമ്പളക്കരാർ ആവശ്യപ്പെട്ട് അയർലണ്ടിലെ ആശുപത്രികളിൽ പണിമുടക്കിന് ആഹ്വാനം ചെയ്ത് ട്രേഡ് യൂണിയനുകൾ!
ഡബ്ലിൻ: അയർലണ്ടിലെ ആരോഗ്യരംഗത്ത് കടുത്ത സമരമുഖത്തേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. പുതിയ ശമ്പളക്കരാറിനെക്കുറിച്ച് ചർച്ച ആരംഭിച്ചില്ലെങ്കിൽ ഒക്ടോബർ 14 ബുധനാഴ്ച രാജ്യത്തെ 30 പ്രധാന ആശുപത്രികളിൽ ഒരു ദിവസത്തെ പണിമുടക്ക് നടത്തുമെന്ന് ട്രേഡ് യൂണിയനായ സിപ്ടു (SIPTU) പ്രഖ്യാപിച്ചു. 11,000ത്തിലധികം ആരോഗ്യപ്രവർത്തകർ ഈ സമരത്തിൽ പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. സമരത്തിന് മുന്നോടിയായി സെപ്റ്റംബർ 30ന് ‘വർക്ക് ടു റൂൾ’ സമരവും നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
പൊതുസേവന ശമ്പളക്കരാറിന്റെ കാലാവധി ജൂൺ 30ന് അവസാനിച്ചിട്ടും പകരം കരാറിനെക്കുറിച്ച് ചർച്ച നടത്താൻ സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്ന് സിപ്ടു ആരോപിക്കുന്നു. ഭക്ഷണം, ഇന്ധനം, വൈദ്യുതി, വാടക എന്നിവയുടെ വില വർദ്ധിക്കുമ്പോഴും ആരോഗ്യപ്രവർത്തകർ വലിയ ക്ഷമയോടെ സേവനം തുടരുകയാണെന്ന് യൂണിയൻ ചൂണ്ടിക്കാണിക്കുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടി ഉണ്ടായില്ലെങ്കിൽ ഒക്ടോബർ 14ലെ പണിമുടക്കുമായി മുന്നോട്ട് പോകുമെന്ന് സിപ്ടു ഹെൽത്ത് ഡിവിഷണൽ ഓർഗനൈസർ കെവിൻ ഫിഗ്ഗിസ് വ്യക്തമാക്കി.
സിപ്ടുവിനൊപ്പം നഴ്സുമാരുടെ യൂണിയനായ ഐഎൻഎംഒയും (INMO) ഇതേ ആവശ്യത്തിൽ സമരത്തിനൊരുങ്ങുന്നുണ്ട്. കൂടാതെ, ശമ്പളത്തർക്കവുമായി ബന്ധപ്പെട്ട് ഐറിഷ് മെഡിക്കൽ ഓർഗനൈസേഷനിലെ ഡോക്ടർമാരും സമരനടപടികൾക്ക് അനുകൂലമായി വോട്ട് ചെയ്തിട്ടുണ്ട്. വോട്ടെടുപ്പിൽ പങ്കെടുത്തവരുടെ 94 ശതമാനവും ഇതിനെ പിന്തുണച്ചതായും ഒക്ടോബർ 14 മുതൽ നടപടികൾ ആരംഭിക്കുമെന്നും ഡോക്ടർമാരുടെ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.
ബ്യൂമോണ്ട്, മാറ്റർ, സെന്റ് ജെയിംസ്, കോർക്ക് യൂണിവേഴ്സിറ്റി, ഗോൾവേ, ലിമെറിക് തുടങ്ങിയ പ്രമുഖ ആശുപത്രികളെ സമരം ബാധിക്കുമെങ്കിലും സ്ഥാപനങ്ങൾ പൂർണ്ണമായി അടച്ചിടില്ല. അടിയന്തര ചികിത്സാ സേവനങ്ങൾക്ക് എന്ത് ക്രമീകരണമാണ് ഏർപ്പെടുത്തുകയെന്ന് വരും ദിവസങ്ങളിൽ വ്യക്തമാകും. ഒക്ടോബർ 14ന് മുമ്പ് സർക്കാർ ശമ്പളച്ചർച്ചയ്ക്ക് തയ്യാറായാൽ സമരപ്രഖ്യാപനത്തിൽ നിന്നും പിന്മാറാൻ യൂണിയനുകൾ തയ്യാറായേക്കുമെന്നും സൂചനയുണ്ട്.