പിൻഗാമി താൻ തന്നെ; ട്രംപിന്റെ പാത പിന്തുടർന്ന് നയം വ്യക്തമാക്കി ജെ.ഡി. വാൻസ്!
ഡാലസ്: അമേരിക്കൻ രാഷ്ട്രീയത്തിൽ ഡൊണാൾഡ് ട്രംപിന്റെ യഥാർത്ഥ പിൻഗാമി താനാണെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനവുമായി വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. ഡാലസിൽ നടന്ന റിപ്പബ്ലിക്കൻ ഇടക്കാല കൺവെൻഷന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് 2028-ലെ പ്രസിഡന്റ് സ്ഥാനത്തേക്ക് വാൻസ് തന്റെ അവകാശവാദം ഉന്നയിച്ചത്. ട്രംപിന്റെ ശൈലി പിന്തുടർന്ന് ഡെമോക്രാറ്റുകളെ രൂക്ഷമായി വിമർശിച്ചും കുടിയേറ്റ വിരുദ്ധ വികാരങ്ങൾ ആളിക്കത്തിച്ചുമാണ് വാൻസ് സദസ്സിനെ അഭിസംബോധന ചെയ്തത്.
പ്രസംഗത്തിനിടയിൽ മെക്സിക്കൻ പതാകയുമായി പ്രതിഷേധിച്ചയാളെ വേദിയിൽ വെച്ച് തന്നെ വാൻസ് രൂക്ഷമായി വിമർശിച്ചു. മെക്സിക്കോയോട് ഇത്രയധികം സ്നേഹമുണ്ടെങ്കിൽ അങ്ങോട്ട് തിരിച്ചുപോയ്ക്കോളാൻ പറഞ്ഞ വാൻസ്, ഇതിനായി താൻ വിമാന ടിക്കറ്റ് എടുത്തുതരാമെന്നും പരിഹസിച്ചു. സദസ്സിൽ നിന്ന് വലിയ കരഘോഷത്തോടെയാണ് ഈ പരാമർശം സ്വീകരിച്ചത്. കുടുംബമൂല്യങ്ങൾ തകർക്കാനാണ് ഡെമോക്രാറ്റുകൾ ശ്രമിക്കുന്നതെന്നും കുട്ടികളെ അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങളിൽ നിന്ന് അകറ്റി നിർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അതേസമയം വിവാദമായ ഇറാൻ യുദ്ധത്തെക്കുറിച്ചോ വിദേശനയങ്ങളെക്കുറിച്ചോ പ്രസംഗത്തിൽ വാൻസ് നേരിട്ട് പരാമർശിച്ചില്ല. മുൻപ് കൊല്ലപ്പെട്ട തീവ്ര വലതുപക്ഷ പ്രവർത്തകൻ ചാർലി കിർക്കിനെ അനുസ്മരിച്ച അദ്ദേഹം, യുദ്ധങ്ങളെ വെറുക്കുന്ന വ്യക്തിയായിരുന്നു കിർക്കെന്നും പറഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടി വോട്ടർമാർക്കിടയിൽ നടത്തിയ സർവ്വേകളിൽ 43 ശതമാനം പേരുടെയും പിന്തുണ നേടി 2028-ലെ അടുത്ത പ്രസിഡന്റ് സ്ഥാനാർത്ഥി പട്ടികയിൽ വാൻസ് നിലവിൽ ഒന്നാം സ്ഥാനത്താണ്.
ഇടക്കാല കൺവെൻഷൻ വേദിയിൽ ടെക്സസ് സെനറ്റർ ടെഡ് ക്രൂസ്, ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയർ തുടങ്ങിയ പ്രമുഖരും സംസാരിച്ചു. ഡെമോക്രാറ്റുകൾ അമേരിക്കയെയും ക്രിസ്ത്യൻ മൂല്യങ്ങളെയും വെറുക്കുന്നുവെന്ന് ടെഡ് ക്രൂസ് ആരോപിച്ചു. കൺവെൻഷന്റെ സമാപനത്തിൽ ട്രംപിനെ ‘എക്കാലത്തെയും മികച്ച പ്രസിഡന്റ്’ എന്ന് വിശേഷിപ്പിച്ചാണ് വാൻസ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.