പാർട്ടി പണം മുക്കി വാങ്ങിയ ആഡംബര വാഹനം ഓടിച്ചത് 4 മൈൽ മാത്രം; പീറ്റർ മറെലിന്റെ കള്ളത്തരങ്ങൾ പുറത്ത്.
എഡിൻബറോ: സ്കോട്ടിഷ് നാഷണൽ പാർട്ടിയിൽ (SNP) നിന്ന് കോടികൾ തട്ടിയെടുത്തു മുതിർന്ന രാഷ്ട്രീയ നേതാവ് പീറ്റർ മറെൽ വാങ്ങിയ ആഡംബര മൊബൈൽ ഹോം (കാരവൻ) വെറും നാല് മൈൽ മാത്രമാണ് ഓടിച്ചതെന്ന് കോടതി. പാർട്ടി ഫണ്ടിൽ നിന്ന് 1,24,550 പൗണ്ട് (ഏകദേശം 1.3 കോടി രൂപ) ചിലവിട്ട് വാങ്ങിയ ഈ വാഹനം രണ്ടു വർഷത്തിലേറെയായി ഒരിടത്ത് തന്നെ അനങ്ങാതെ കിടക്കുകയായിരുന്നു. വ്യാജ ഇൻവോയ്സ് ഉണ്ടാക്കി ഇതൊരു സാധാരണ വാൻ ആണെന്നാണ് മറെൽ പാർട്ടി രേഖകളിൽ കാണിച്ചിരുന്നത്.
മുൻ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജന്റെ ഭർത്താവ് കൂടിയായ മറെൽ, പാർട്ടി പണം ഉപയോഗിച്ച് ഈ വാഹനത്തിനുള്ളിൽ വിലകൂടിയ കിച്ചൺവെയറുകളും ആഡംബര സോപ്പുകളും മറ്റ് സാധനങ്ങളും നിറച്ചിരുന്നതായി പോലീസ് കണ്ടെത്തി. ഇതുകൂടാതെ 81,000 പൗണ്ടിന്റെ ജാഗ്വാർ കാർ, വീട്ടിലെ പുല്ലുവെട്ടാനുള്ള റോബോട്ടിക് മെഷീൻ, വെള്ളിയിൽ തീർത്ത വൈൻ കോസ്റ്റർ എന്നിവയും പാർട്ടി ഫണ്ട് മുക്കി ഇയാൾ സ്വന്തമാക്കി. ഒരു മുട്ട പുഴുങ്ങുന്ന പാത്രം വാങ്ങിയ തുക പോലും ‘കമ്പ്യൂട്ടർ ഹാർഡ്വെയർ’ വാങ്ങിയ ഇനത്തിലാണ് പാർട്ടി അക്കൗണ്ടിൽ ഇയാൾ രേഖപ്പെടുത്തിയത്.
മറെലിന്റെ അമ്മയുടെ വീടിന് മുന്നിലാണ് ഈ കൂറ്റൻ ആഡംബര വാഹനം പാർക്ക് ചെയ്തിരുന്നത്. എന്നാൽ അമ്മയുടെ വീട് സന്ദർശിച്ചപ്പോഴൊന്നും ഈ വാഹനം ശ്രദ്ധയിൽ പെട്ടില്ലെന്നാണ് നിക്കോള സ്റ്റർജൻ ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടത്. അയൽക്കാരുടെ വാഹനമായിരിക്കുമെന്നാണ് കരുതിയതെന്നും അവർ പറഞ്ഞു. 12 വർഷത്തിനിടെ നാല് ലക്ഷത്തിലേറെ പൗണ്ട് പാർട്ടിയിൽ നിന്ന് തട്ടിയെടുത്തതായി മറെൽ കോടതിയിൽ സമ്മതിച്ചിട്ടുണ്ട്. ജൂൺ 23-ന് കോടതി ഇയാളുടെ ശിക്ഷാവിധി പ്രഖ്യാപിക്കും.