Sathyian Nedumancherriyil

Subject : പസഫിക്കിൽ വീണ്ടും ചൈനീസ് പ്രകോപനം; ജപ്പാൻ സമുദ്രാതിർത്തിയിൽ കപ്പൽ വ്യൂഹം തത്സമയ വെടിയുതിർപ്പ് പരിശീലനം നടത്തി, ആശങ്ക പങ്കുവെച്ച് യുഎസ്

പസഫിക്കിൽ വീണ്ടും ചൈനീസ് പ്രകോപനം; ജപ്പാൻ സമുദ്രാതിർത്തിയിൽ കപ്പൽ വ്യൂഹം തത്സമയ വെടിയുതിർപ്പ് പരിശീലനം നടത്തി, ആശങ്ക പങ്കുവെച്ച് യുഎസ്

ടോക്കിയോ: ജപ്പാന്റെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണിൽ (EEZ) ആദ്യമായി ചൈനീസ് മിസൈൽ ഡിസ്ട്രോയർ കപ്പൽ തത്സമയ വെടിയുതിർപ്പ് (Live firing) പരിശീലനം നടത്തി. ജപ്പാന്റെ ഏറ്റവും തെക്കേയറ്റത്തുള്ള ഒക്കിനോട്ടോരി (Okinotori) ദ്വീപിന് 180 കിലോമീറ്റർ അകലെയായിരുന്നു സംഭവം. മൂന്ന് ചൈനീസ് യുദ്ധക്കപ്പലുകളും ഒരു റഷ്യൻ ഫ്രിഗേറ്റും മേഖലയിൽ എത്തിയതിന് പിന്നാലെയാണ് ചൈനീസ് കപ്പൽ മുന്നറിയിപ്പ് നൽകി യന്ത്രത്തോക്കുകൾ ഉപയോഗിച്ച് വെടിയുതിർത്തത്.

. പരിശീലനം സമീപത്തൂടെ പോകുന്ന കപ്പലുകൾക്ക് അപകടമുണ്ടാക്കുമെന്ന് നയതന്ത്ര തലത്തിൽ ജപ്പാൻ ചൈനയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഒക്കിനോട്ടോരി ഒരു ദ്വീപല്ലെന്നും വെറുമൊരു പാറക്കെട്ട് മാത്രമാണെന്നുമാണ് ചൈനയുടെ വാദം. അതുകൊണ്ട് തന്നെ അതിന് ചുറ്റുമുള്ള സമുദ്രഭാഗം ജപ്പാന്റെ അധീനതയിലുള്ളതല്ലെന്നും തങ്ങൾക്ക് അവിടെ പ്രവർത്തനങ്ങൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്നും ബീജിംഗ് അവകാശപ്പെടുന്നു.

ജപ്പാൻ തീരത്തുണ്ടായ സംഭവത്തിന് തൊട്ടടുത്ത ദിവസം ദക്ഷിണ ചൈനാ കടലിലും സംഘർഷമുണ്ടായി. ഫിലിപ്പീൻസിന്റെ നിയന്ത്രണത്തിലുള്ള സെക്കൻഡ് തോമസ് ഷോളിന് സമീപമെത്തിയ ചൈനീസ് കപ്പലിനെ തടയാൻ ശ്രമിച്ച ഫിലിപ്പീൻസ് നാവികർക്ക് നേരെ ചൈനീസ് ജീവനക്കാർ ആക്രമണം നടത്തി. ചൈനീസ് നാവികന്റെ മർദ്ദനമേറ്റ് ഫിലിപ്പീൻസ് നാവികന് ഗുരുതരമായി പരിക്കേറ്റതായി ഫിലിപ്പീൻസ് ആരോപിച്ചു. എന്നാൽ ഫിലിപ്പീൻസ് നാവികരാണ് ആദ്യം ആക്രമിച്ചതെന്നാണ് ചൈന നൽകുന്ന വിശദീകരണം.

ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസിന് നേരെ ചൈന നടത്തുന്ന നിരന്തരമായ പ്രകോപനങ്ങളെ യുഎസ് കടുത്ത ഭാഷയിൽ അപലപിച്ചു. ആശിയാൻ (ASEAN) ഉച്ചകോടിക്കായി ഫിലിപ്പീൻസിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, അന്താരാഷ്ട്ര സമുദ്രപാതകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ യുഎസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി. വ്യാപാരത്തെ ഭൗമരാഷ്ട്രീയ ആയുധമാക്കാൻ ശ്രമിക്കുന്ന ഒരു ശക്തിയുടെ കയ്യിലേക്ക് ഈ സമുദ്രഭാഗം വീണാൽ അത് മേഖലയിലെ എല്ലാ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ദക്ഷിണ ചൈനാ കടലിൽ ഫിലിപ്പീൻസ് ഉൾപ്പെടെ ആറ് രാജ്യങ്ങളുമായും ജപ്പാൻ, ഇന്ത്യ, ഭൂട്ടാൻ എന്നീ രാജ്യങ്ങളുമായും ചൈനയ്ക്ക് നിലവിൽ അതിർത്തി തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.