Sathyian Nedumancherriyil

Subject : പവർ കട്ടിൽ കുടുങ്ങി സിഗ്നലിംഗ്; നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടിൽ റയിൽവേ ഗതാഗതം രണ്ടാം ദിവസവും താറുമാറായി!

പവർ കട്ടിൽ കുടുങ്ങി സിഗ്നലിംഗ്; നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടിൽ റയിൽവേ ഗതാഗതം രണ്ടാം ദിവസവും താറുമാറായി!

മാഞ്ചസ്റ്റർ: നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലെ പ്രധാന സിഗ്നലിംഗ് കേന്ദ്രത്തിലുണ്ടായ വൈദ്യുതി തടസ്സത്തെ തുടർന്ന് മേഖലയിലെ റയിൽവേ ഗതാഗതം രണ്ടാം ദിവസവും കടുത്ത പ്രതിസന്ധിയിൽ. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച സിഗ്നലിംഗ് തകരാർ കാരണം നിരവധി ട്രെയിനുകൾ റദ്ദാക്കുകയും സർവ്വീസുകൾ വൈകുകയും ചെയ്തിട്ടുണ്ട്. അവാന്തി വെസ്റ്റ് കോസ്റ്റ്, നോർത്തേൺ, ട്രാൻസ് പെന്നൈൻ എക്സ്പ്രസ് ഉൾപ്പെടെയുള്ള പ്രമുഖ സർവ്വീസുകളെ തടസ്സം സാരമായി ബാധിച്ചു.

തകരാറുകൾ പരിഹരിച്ച് ട്രെയിനുകൾ വീണ്ടും ഓടിത്തുടങ്ങിയെങ്കിലും, ജീവനക്കാരും ട്രെയിനുകളും കൃത്യമായ സ്ഥലങ്ങളിൽ എത്താതിരുന്നതിനാൽ വെള്ളിയാഴ്ച ഉച്ചവരെ തടസ്സങ്ങൾ തുടരുമെന്ന് നാഷണൽ റയിൽവേ അറിയിച്ചു. മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള നോർത്ത്-വെസ്റ്റ് ഇംഗ്ലണ്ടിലെ വിവിധ റൂട്ടുകളിൽ സർവ്വീസുകൾ പൂർണ്ണമായോ ഭാഗികമായോ റദ്ദാക്കാൻ സാധ്യതയുണ്ട്. യാത്രാ തടസ്സം കണക്കിലെടുത്ത് രാവിലെ 10 മണിക്ക് മുൻപുള്ള യാത്രകൾ ഒഴിവാക്കാൻ നോർത്തേൺ റയിൽവേ യാത്രക്കാർക്ക് നിർദ്ദേശം നൽകി.

ബ്രിട്ടനിലെ ആകെ റയിൽവേ ശൃംഖല നിയന്ത്രിക്കുന്നതിനായി രൂപകൽപ്പന ചെയ്ത 12 പ്രധാന കേന്ദ്രങ്ങളിലൊന്നായ മാഞ്ചസ്റ്ററിലെ സിഗ്നലിംഗ് പ്ലാന്റിലാണ് വൈദ്യുതി തടസ്സമുണ്ടായത്. ഇതിന് പുറമെ ടാംവർത്തിനും ബർട്ടൻ-ഓൺ-ട്രെന്റിനും ഇടയിലുള്ള റയിൽവേ ട്രാക്കിന് സമീപത്ത് നിന്ന് രണ്ടാം ലോകമഹായുദ്ധ കാലത്തെ ബോംബ് കണ്ടെത്തിയതും വ്യാഴാഴ്ചത്തെ ഗതാഗത തടസ്സത്തിന്റെ വ്യാപ്തി വർദ്ധിപ്പിച്ചു.

രാത്രി മുഴുവൻ നീണ്ട എഞ്ചിനീയറിംഗ് പ്രവർത്തനങ്ങൾക്കൊടുവിൽ സിഗ്നലിംഗ് സംവിധാനങ്ങൾ വീണ്ടെടുക്കാൻ കഴിഞ്ഞതായി നെറ്റ്‌വർക്ക് റയിൽവേ അധികൃതർ അറിയിച്ചു. ഭൂരിഭാഗം സർവ്വീസുകളും പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും യാത്രക്കാർ കാണിച്ച സഹകരണത്തിന് നന്ദി അറിയിക്കുന്നതായും റയിൽവേ റൂട്ട് ഡയറക്ടർ ക്രിസ് റൈറ്റ് പറഞ്ഞു. ദുരിതത്തിലായ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമേകുന്ന രീതിയിൽ ഗതാഗതം പൂർണ്ണമായി സാധാരണ നിലയിലാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.