Sathyian Nedumancherriyil

Subject : പലാന്റീൻ കേസിൽ ലണ്ടൻ മേയർക്ക് തിരിച്ചടി; സാദിഖ് ഖാന്റെ ഫോൺ സന്ദേശങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി അനുമതി.

പലാന്റീൻ കേസിൽ ലണ്ടൻ മേയർക്ക് തിരിച്ചടി; സാദിഖ് ഖാന്റെ ഫോൺ സന്ദേശങ്ങൾ പരിശോധിക്കാൻ ഹൈക്കോടതി അനുമതി.

ലണ്ടൻ: മെട്രോപൊളിറ്റൻ പോലീസും അമേരിക്കൻ നിർമ്മിത ബുദ്ധി കമ്പനിയായ പലാന്റീറും (Palantir) തമ്മിലുള്ള 50 ദശലക്ഷം പൗണ്ടിന്റെ കരാർ റദ്ദാക്കിയ സംഭവത്തിൽ ലണ്ടൻ മേയർ സാദിഖ് ഖാന് തിരിച്ചടി. വിഷയത്തിൽ രൂപപ്പെട്ട നിയമപോരാട്ടത്തിന്റെ ഭാഗമായി തന്റെ ഇമെയിലുകളും ഫോൺ സന്ദേശങ്ങളും പരിശോധിക്കാൻ സാദിഖ് ഖാൻ സമ്മതിച്ചതായി യുകെ ഹൈക്കോടതിയെ അറിയിച്ചു. കരാർ റദ്ദാക്കിയ നടപടിക്കെതിരെ പലാന്റീൻ നിയമനടപടികളുമായി മുന്നോട്ട് പോയ സാഹചര്യത്തിലാണ് കോടതിയുടെ ഇടപടൽ.

ഇസ്രായേൽ സൈന്യത്തിനും യുഎസ് ഭരണകൂടത്തിനും വേണ്ടി പ്രവർത്തിക്കുന്ന പലാന്റീറുമായി ചേർന്ന് ലണ്ടൻ പോലീസ് നടത്താനിരുന്ന AI പദ്ധതി മേയറുടെ ഓഫീസ് ഇടപെട്ടാണ് റദ്ദാക്കിയത്. കരാർ നിശ്ചയിക്കുന്നതിൽ ടെൻഡർ നടപടിക്രമങ്ങളുടെ ഗുരുതരമായ ലംഘനം നടന്നു എന്നായിരുന്നു മേയറുടെ ഓഫീസിന്റെ (Mopac) വിശദീകരണം. എന്നാൽ സാദിഖ് ഖാൻ പൊതുജന സുരക്ഷയെക്കാൾ രാഷ്ട്രീയ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ചാണ് പലാന്റീൻ കോടതിയെ സമീപിച്ചത്.

കേസിൽ മേയറുടെ സന്ദേശങ്ങൾ പരിശോധിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആദ്യ നിലപാടെങ്കിലും, പലാന്റീന്റെ ശക്തമായ ആവശ്യത്തെ തുടർന്ന് പരിശോധനയ്ക്ക് വഴങ്ങുകയായിരുന്നു. സാദിഖ് ഖാന് പുറമെ അദ്ദേഹത്തിന്റെ മുൻ കമ്മ്യൂണിക്കേഷൻസ് ഡയറക്ടറും നിലവിൽ പ്രധാനമന്ത്രി ആന്റി ബേൺഹാമിന്റെ ഡയറക്ടറുമായ സാറാ ബ്രൗൺ ഉൾപ്പെടെ ഒരു കൂട്ടം ഉദ്യോഗസ്ഥരുടെ വാട്സാപ്പ്, ഇമെയിൽ, ടീംസ് സന്ദേശങ്ങൾ കേസിന്റെ ഭാഗമായി കൈമാറേണ്ടി വരും.

അതേസമയം, കരാറുമായി ബന്ധപ്പെട്ട പലാന്റീൻ കമ്പനിയുടെ ആഭ്യന്തര രേഖകൾ വിട്ടുനൽകണമെന്ന് മേയറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കമ്പനി ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ലണ്ടൻ പോലീസിന്റെ പലാന്റീൻ കരാർ വാർത്തകളിൽ നിറഞ്ഞതിന് പിന്നിൽ പ്രവർത്തിച്ചത് സാറാ ബ്രൗണാണെന്ന് കമ്പനി ആരോപിക്കുന്നു. കേസിൽ ഇരുപക്ഷവും തമ്മിലുള്ള നിയമപോരാട്ടം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.