Sathyian Nedumancherriyil

Subject : പലാന്റീറുമായുള്ള നിയമപോരാട്ടം ഒത്തുതീർപ്പിലെത്തിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ.

പലാന്റീറുമായുള്ള നിയമപോരാട്ടം ഒത്തുതീർപ്പിലെത്തിച്ച് ലണ്ടൻ മേയർ സാദിഖ് ഖാൻ.

ലണ്ടൻ: യുഎസ് ടെക് ഭീമനായ ‘പലാന്റീറും’ (Palantir) ലണ്ടൻ മേയർ സാദിഖ് ഖാന്റെ ഓഫീസും തമ്മിൽ നിലനിന്നിരുന്ന കോടികളുടെ നിയമപോരാട്ടം ഒത്തുതീർപ്പിലെത്തി. മെട്രോപൊളിറ്റൻ പൊലീസിലെ നിർമ്മിത ബുദ്ധി (AI) ഉപയോഗിച്ചുള്ള വിവരശേഖരണത്തിനായി 5 കോടി പൗണ്ടിന്റെ (£50m) കരാർ നൽകുന്നത് കമ്പനിയുടെ നിലപാടുകളും ധാർമ്മികതയും ചൂണ്ടിക്കാട്ടി മേയർ തടഞ്ഞെന്ന ആരോപണമാണ് വിചാരണയ്ക്ക് തൊട്ടുമുമ്പ് ഇരുവിഭാഗവും പിൻവലിച്ചത്.

ഇസ്രായേൽ സൈന്യവുമായും ട്രംപ് ഭരണകൂടവുമായും സഹകരിച്ച് പ്രവർത്തിക്കുന്ന പലാന്റീറിന്റെ രാഷ്ട്രീയ നിലപാടുകളിൽ ലണ്ടനിലെ ജനങ്ങൾക്ക് വിയോജിപ്പുണ്ടെന്നും, നഗരത്തിന്റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന കമ്പനികൾക്ക് മാത്രമേ പൊതുപണം നൽകാനാവൂ എന്നുമായിരുന്നു സാദിഖ് ഖാന്റെ മുൻ നിലപാട്. ഇതിനെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തിയ പലാന്റീൻ യുകെ മേധാവി ലൂയിസ് മോസ്ലി, മേയർ ലണ്ടൻ നിവാസികളുടെ സുരക്ഷയേക്കാൾ രാഷ്ട്രീയത്തിനാണ് മുൻഗണന നൽകുന്നതെന്ന് ആരോപിക്കുകയും നിയമനടപടി സ്വീകരിക്കുകയുമായിരുന്നു.

എ എന്നാൽ, ഈ വർഷം മേയിൽ എടുത്ത തീരുമാനം പലാന്റീറിന്റെ മൂല്യങ്ങളെയോ ധാർമ്മികതയെയോ അടിസ്ഥാനമാക്കിയുള്ളതല്ലെന്ന് മേയറുടെ ഓഫീസ് (Mopac) പുതിയ പ്രസ്താവനയിലൂടെ വ്യക്തമാക്കി. ലണ്ടനിലെ നികുതിദായകരുടെ പണത്തിന് അനുയോജ്യമായ മൂല്യമുണ്ടോ എന്നും നിയമപരമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കുക മാത്രമാണ് ചെയ്തതെന്നും അവർ കൂട്ടിച്ചേർത്തു.

വിഷയം പൂർണ്ണമായി പരിഹരിക്കപ്പെട്ടതോടെ, ലണ്ടനിലെ തൊഴിൽ മേഖലയ്ക്കും സാങ്കേതിക രംഗത്തിനും പലാന്റീൻ നൽകുന്ന സംഭാവനകളെ മേയർ സാദിഖ് ഖാൻ പ്രശംസിച്ചു. 5 കോടി പൗണ്ടിന്റെ പുതിയ പൊലീസ് ടെക്നോളജി കരാറിനായി വീണ്ടും ടെൻഡർ വിളിച്ചിട്ടുണ്ടെന്നും, പലാന്റീൻ പങ്കെടുത്താൽ മറ്റ് കമ്പനികൾക്കൊപ്പം തുല്യ പരിഗണന നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കോടതിച്ചെലവുകൾ ഇരുവിഭാഗവും സ്വന്തമായി വഹിക്കാനും, നഷ്ടപരിഹാരം നൽകാതെ വിഷയം അവസാനിപ്പിക്കാനും ഇരുപാതികളും തമ്മിൽ ധാരണയായി.