പലസ്തീൻ ആക്ടിവിസ്റ്റിന്റെ കൊലപാതകം: ദശാബ്ദങ്ങൾക്കിടെ ആദ്യമായി ഇസ്രായേൽ പൗരനെതിരെ നരഹത്യയ്ക്ക് കേസ്.
ജറുസലേം: അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ പലസ്തീൻ സമാധാന പ്രവർത്തകനെ വെടിവെച്ചു കൊന്ന സംഭവത്തിൽ ഇസ്രായേൽ പൗരനെതിരെ നരഹത്യയ്ക്ക് കേസെടുത്തു. തീവ്ര ജൂത കുടിയേറ്റക്കാരനായ യിനോൻ ലെവിക്കെതിരെയാണ് കുറ്റം ചുമത്തിയത്. ഒരു പലസ്തീൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ പത്ത് വർഷത്തിനിടെ ആദ്യമായാണ് ഒരു ഇസ്രായേലുകാരനെതിരെ ഭരണകൂടം നിയമനടപടി സ്വീകരിക്കുന്നത്.
ഇംഗ്ലീഷ് അധ്യാപകനും സമാധാന പ്രവർത്തകനുമായ ഔദെ ഹത്ലീൻ ആണ് കഴിഞ്ഞ ജൂലൈയിൽ കൊല്ലപ്പെട്ടത്. ഓസ്കാർ പുരസ്കാരം നേടിയ ‘നോ അദർ ലാൻഡ്’ (No Other Land) എന്ന ഡോക്യുമെന്ററിയുടെ നിർമ്മാണത്തിൽ പങ്കാളിയായ വ്യക്തി കൂടിയാണ് ഇദ്ദേഹം. ഉം അൽ-ഖൈർ ഗ്രാമത്തിൽ വെച്ച് ലെവി തനിക്ക് നേരെ തോക്കുചൂണ്ടി വെടിയുതിർക്കുന്നതിന്റെ ദൃശ്യങ്ങൾ ഹത്ലീൻ തന്റെ അവസാന നിമിഷങ്ങളിൽ ക്യാമറയിൽ പകർത്തിയിരുന്നു.
അതേസമയം, പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്താത്തതിൽ ഹത്ലീന്റെ കുടുംബം കടുത്ത അതൃപ്തി രേഖപ്പെടുത്തി. ഇതൊരു അബദ്ധത്തിൽ സംഭവിച്ച മരണമല്ലെന്നും, പ്രതിക്കെതിരെ കൊലക്കുറ്റം തന്നെ ചുമത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. നിലവിൽ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്ന നരഹത്യാ കുറ്റത്തിന് പരമാവധി 12 വർഷം മാത്രമാണ് തടവുശിക്ഷ ലഭിക്കുക.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇസ്രായേൽ സൈന്യത്തിന്റെയും കുടിയേറ്റക്കാരുടെയും ആക്രമണങ്ങളിൽ 1500-ലധികം പലസ്തീനികളാണ് കൊല്ലപ്പെട്ടത്. എന്നാൽ ഇതിലൊന്നും തന്നെ പ്രതികൾക്കെതിരെ കാര്യമായ നടപടികൾ ഉണ്ടായിരുന്നില്ല. കൊല്ലപ്പെട്ട ഹത്ലീൻ രാജ്യാന്തര തലത്തിൽ ശ്രദ്ധേയനായ ഒരു ആക്ടിവിസ്റ്റ് ആയതുകൊണ്ടു മാത്രമാണ് ഇപ്പോൾ കേസെടുക്കാൻ അധികൃതർ നിർബന്ധിതരായതെന്നാണ് മനുഷ്യാവകാശ സംഘടനകളുടെ വിലയിരുത്തൽ. പ്രതിയായ യിനോൻ ലെവിക്കെതിരെ പലസ്തീനികൾക്ക് നേരെയുള്ള അതിക്രമങ്ങളുടെ പേരിൽ നേരത്തെ തന്നെ വിവിധ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയിരുന്നു.