Sathyian Nedumancherriyil

Subject : പണം നൽകി ഭയം വാങ്ങുന്ന ‘ഡാർക്ക് ടൂറിസം’; ചൈനയിലെ യുവതലമുറയ്ക്കിടയിൽ പുതിയ ട്രെൻഡ്!

പണം നൽകി ഭയം വാങ്ങുന്ന ‘ഡാർക്ക് ടൂറിസം’; ചൈനയിലെ യുവതലമുറയ്ക്കിടയിൽ പുതിയ ട്രെൻഡ്!

ബീജിങ്, ചൈന: ദുരന്തങ്ങളും ഭീതിയും പണം നൽകി അനുഭവിക്കുന്ന ‘ഡാർക്ക് ടൂറിസം’ (Dark tourism) രീതി ചൈനയിലെ യുവതലമുറയ്ക്കിടയിൽ വൻ ജനപ്രീതി നേടുന്നു. പ്രകൃതിദുരന്തങ്ങളുടെയും ചരിത്രപരമായ ദുരന്തങ്ങളുടെയും ഭീകരത നേരിട്ടറിയാൻ ആയിരക്കണക്കിന് യുവാക്കളാണ് ഇത്തരം കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ‘ഭയം വാങ്ങാൻ പണം നൽകുന്നു’ എന്ന പ്രമേയത്തിലുള്ള വീഡിയോകൾ തരംഗമായതോടെയാണ് പുതിയ ടൂറിസം രീതി രാജ്യത്ത് സജീവമായത്.

ഹാങ്ഷൂവിലെ ‘എൽവിക്സിങ് ബേസ്’ പോലെയുള്ള സ്ഥാപനങ്ങൾ പ്രളയവും ചുഴലിക്കാറ്റും കൃത്രിമമായി സൃഷ്ടിച്ച് സഞ്ചാരികൾക്ക് ദുരന്താനുഭവം നൽകുന്നുണ്ട്. വലിയ ജലാശയങ്ങളും വൻകാറ്റും സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രങ്ങളിൽ പ്രകൃതിദുരന്തങ്ങളെ എങ്ങനെ അതിജീവിക്കണമെന്ന് പരിശീലനം നൽകുകയാണ് ഇവർ ചെയ്യുന്നത്. ഇതിനുപുറമെ, ചൈനീസ് സർക്കാരിന്റെ പിന്തുണയോടെ വിവിധ നഗരങ്ങളിൽ ഭൂകമ്പത്തിന്റെയും പ്രകൃതിദുരന്തങ്ങളുടെയും ആഘാതം അനുഭവിച്ചറിയാൻ സാധിക്കുന്ന പൊതു സുരക്ഷാ മ്യൂസിയങ്ങളും പ്രവർത്തിക്കുന്നുണ്ട്.

അതിസാഹസികമായ കൃത്രിമ അനുഭവങ്ങൾക്ക് പുറമെ, ദശലക്ഷക്കണക്കിന് ആളുകൾ മരണപ്പെട്ട യഥാർത്ഥ ദുരന്തഭൂമികൾ സന്ദർശിക്കാനും യുവാക്കൾ താല്പര്യം കാണിക്കുന്നുണ്ട്. 2008-ൽ എഴുപതിനായിരത്തിലധികം ആളുകൾ കൊല്ലപ്പെട്ട സിചുവാനിലെ ശക്തമായ ഭൂകമ്പം നടന്ന പ്രദേശങ്ങളും ചരിത്രപ്രസിദ്ധമായ നാൻജിങ് കൂട്ടക്കൊല സ്മാരകവുമെല്ലാം ഇന്ന് ചൈനയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായി മാറിയിരിക്കുകയാണ്. ദിവസേന പതിനായിരക്കണക്കിന് ആളുകളാണ് ഇത്തരം കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഓൺലൈൻ വഴി ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നത്.

വെറുമൊരു കാഴ്ചക്കാരായി മാറിനിൽക്കാതെ ദുരന്തങ്ങളെ അടുത്തറിയാനും അതിജീവന ശേഷി വർദ്ധിപ്പിക്കാനും പുതിയ തലമുറ കാണിക്കുന്ന താല്പര്യമാണ് ഈ മാറ്റത്തിന് കാരണം. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള പ്രകൃതിദുരന്തങ്ങൾ ചൈനയിൽ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ, ജനങ്ങൾക്ക് സുരക്ഷാ ബോധവൽക്കരണം നൽകാൻ ഇത്തരം കേന്ദ്രങ്ങളെ പ്രയോജനപ്പെടുത്താൻ പ്രാദേശിക ഭരണകൂടങ്ങളും നിർദ്ദേശം നൽകിയിട്ടുണ്ട്.