Sathyian Nedumancherriyil

Subject : നേതാവ് പരാതി നൽകിയില്ല; ബ്രിട്ടനിൽ നൈജൽ ഫരാഷിന്റെ ഫോൺ ചോർത്തൽ കേസിൽ ലേബർ പാർട്ടി നേരിട്ട് പൊലീസിലേക്ക്

നേതാവ് പരാതി നൽകിയില്ല; ബ്രിട്ടനിൽ നൈജൽ ഫരാഷിന്റെ ഫോൺ ചോർത്തൽ കേസിൽ ലേബർ പാർട്ടി നേരിട്ട് പൊലീസിലേക്ക്

ലണ്ടൻ :ബ്രിട്ടനിലെ റിഫോം യുകെ (Reform UK) പാർട്ടി നേതാവ് നൈജൽ ഫരാഷിന്റെ (Nigel Farage) ഫോൺ ചോർന്നെന്ന ആരോപണത്തിൽ ലേബർ പാർട്ടി മെട്രോപൊളിറ്റൻ പൊലീസിനും നാഷണൽ സൈബർ സെക്യൂരിറ്റി സെന്ററിനും (NCSC) പരാതി നൽകി. റഷ്യയുമായി ബന്ധമുള്ള ഹാക്കർമാർ തന്റെ ഫോണും ബാങ്ക് വിവരങ്ങളും ചോർത്തിയെന്ന് ഫരാഷ് ആരോപിച്ചിരുന്നെങ്കിലും അദ്ദേഹം ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഭരണകക്ഷിയായ ലേബർ പാർട്ടിയുടെ ചെയർപേഴ്സൺ അന്ന ടർലി നേരിട്ട് രംഗത്തിറങ്ങിയത്.

ക്രിപ്‌റ്റോകറൻസി ശതകോടീശ്വരനായ ക്രിസ്റ്റഫർ ഹാർബോണിൽ നിന്ന് ഫരാഷിന് 5 മില്യൺ പൗണ്ട് (ഏകദേശം 50 കോടിയിലധികം രൂപ) സമ്മാനമായി ലഭിച്ചെന്ന വാർത്ത കഴിഞ്ഞ മാസം ‘ദി ഗാർഡിയൻ’ പത്രം പുറത്തുവിട്ടിരുന്നു. ഈ വിവരങ്ങൾ തന്റെ ഫോൺ ഹാക്ക് ചെയ്ത് ചോർത്തിയതാണെന്നാണ് ഫരാഷിന്റെ വാദം.

എന്നാൽ, സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള അന്വേഷണത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഫരാഷ് റഷ്യൻ ഹാക്കിങ് കഥയുമായി വരുന്നതെന്ന് ഗാർഡിയൻ പത്രവും പ്രതിപക്ഷ പാർട്ടികളും വിമർശിക്കുന്നു. പാർലമെന്റ് അംഗമാകുന്നതിന് മുൻപ് ലഭിച്ച ഈ വൻ തുകയ്ക്ക് ഫരാഷ് നികുതി അടയ്ക്കണോ എന്നതിനെച്ചൊല്ലിയും നിലവിൽ തർക്കം നിലനിൽക്കുന്നുണ്ട്. വ്യക്തിപരമായ കാര്യങ്ങൾക്കപ്പുറം, ഒരു പാർട്ടി നേതാവിന്റെ ഫോൺ വിദേശ ശക്തികൾ ചോർത്തുന്നത് രാജ്യസുരക്ഷയെയും ജനാധിപത്യ സംവിധാനത്തെയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയമായതിനാലാണ് തങ്ങൾ അന്വേഷണം ആവശ്യപ്പെട്ടതെന്ന് ലേബർ പാർട്ടി വ്യക്തമാക്കി.