നിയമവിരുദ്ധ നാടുകടത്തൽ: യുഎസ് വിമാനക്കമ്പനികൾക്കെതിരെ വെനിസ്വേലൻ അഭയാർത്ഥികൾ കോടതിയിൽ
വാഷിംഗ്ടൺ ഡി.സി: ട്രംപ് ഭരണകൂടം തങ്ങളെ സാൽവഡോറിലെ കുപ്രസിദ്ധ ഭീകരവിരുദ്ധ ജയിലിലേക്ക് നിയമവിരുദ്ധമായി നാടുകടത്തിയെന്ന് ആരോപിച്ച് യുഎസ് വിമാനക്കമ്പനികൾക്കെതിരെ വെനിസ്വേലൻ സ്വദേശികൾ കോടതിയെ സമീപിച്ചു. വാഷിംഗ്ടൺ ഡിസിയിലെ ഫെഡറൽ കോടതിയിലാണ് അഭയാർത്ഥികൾ മാനഹ നഷ്ടത്തിനും മനുഷ്യാവകാശ ലംഘനത്തിനുമെതിരെ കേസ് ഫയൽ ചെയ്തത്. തങ്ങളെ എൽ സാൽവഡോറിലേക്ക് എത്തിക്കാൻ വിമാന സർവീസ് നടത്തിയ ‘സിഎസ്ഐ ഏവിയേഷൻ’ (CSI Aviation), ‘ഗ്ലോബൽ എക്സ്’ (GlobalX) എന്നീ കമ്പനികൾക്കെതിരെയാണ് നിയമനടപടി. യുഎസ്-അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽപ്പറത്തി, അമേരിക്കൻ സർക്കാരുമായി ചേർന്ന് കമ്പനികൾ ഈ ക്രൂരതയ്ക്ക് കൂട്ടുനിന്നുവെന്ന് ഹർജിയിൽ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം മാർച്ചിലാണ് യുഎസ് ഇമിഗ്രേഷൻ കസ്റ്റഡിയിലുണ്ടായിരുന്ന 230-ലധികം വെനിസ്വേലൻ പുരുഷന്മാരെ ട്രംപ് ഭരണകൂടം എൽ സാൽവഡോറിലേക്ക് നാടുകടത്തിയത്. അവിടെയെത്തിച്ച ഇവരെ അതീവ സുരക്ഷയുള്ള, കടുത്ത പീഡനങ്ങൾക്ക് പേര് കേട്ട ‘സെക്കോട്ട്’ (CECOT) എന്ന ഭീകരവിരുദ്ധ തടവറയിൽ നാല് മാസത്തോളം അടയ്ക്കുകയും ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കുകയും ചെയ്തു. വിമാനങ്ങൾ തിരികെ കൊണ്ടുവരാൻ ഫെഡറൽ ജഡ്ജി ഉത്തരവിട്ടിട്ടും, അഭയാർത്ഥികൾ അവിടെ പീഡിപ്പിക്കപ്പെടുമെന്ന് ഉറപ്പുണ്ടായിട്ടും വിമാനക്കമ്പനികൾ സർക്കാരിന്റെ താല്പര്യപ്രകാരം സർവീസ് തുടരുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു.
വിമാനക്കമ്പനികളുടെ ഈ നിയമവിരുദ്ധമായ ഒത്താശയില്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് ഈ നരകയാതന അനുഭവിക്കേണ്ടി വരില്ലായിരുന്നുവെന്ന് വെനിസ്വേലൻ സ്വദേശികൾ ചൂണ്ടിക്കാട്ടുന്നു. ജൂലൈ 17-നാണ് മനുഷ്യാവകാശ അഭിഭാഷകരുടെ കൂട്ടായ്മ ഇവർക്കായി കോടതിയിൽ ഹർജി നൽകിയത്. ട്രംപ് ഭരണകൂടത്തിന്റെ കടുത്ത കുടിയേറ്റ വിരുദ്ധ നയങ്ങളുടെ ഭാഗമായി നടന്ന മനുഷ്യാവകാശ ലംഘനങ്ങളിൽ, അതിന് കൂട്ടുനിന്ന സ്വകാര്യ കോൺട്രാക്ടർമാരെയും കമ്പനികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാനുള്ള നിർണായക നീക്കമായാണ് ഈ കേസിനെ മനുഷ്യാവകാശ സംഘടനകൾ കാണുന്നത്.