“നിനക്കെതിരെ ഐസിഇ യെ വിളിക്കും”; യുഎസ് പൗരനായ മെക്സിക്കൻ വംശജനോട് എയർലൈൻ ജീവനക്കാരിയുടെ വംശീയ അധിക്ഷേപം, വീഡിയോ വൈറൽ.
സാൻ ഫ്രാൻസിസ്കോ: സാന്ഫ്രാൻസിസ്കോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മെക്സിക്കൻ-അമേരിക്കൻ വംശജനായ യാത്രക്കാരനോട് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റിനെ (ICE) വിളിച്ച് പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തിയ യുണൈറ്റഡ് എയർലൈൻസ് ജീവനക്കാരിയുടെ വീഡിയോ വൈറലാകുന്നു. കാനഡയിലേക്കുള്ള യാത്രയ്ക്കായി മകളുടെ പേരിൽ ഉണ്ടായ ചെറിയ പിഴവ് തിരുത്താൻ മൂന്ന് മണിക്കൂറിലധികം കാത്തിരിക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ തർക്കമാണ് വലിയ വാക്കേറ്റത്തിൽ കലാശിച്ചത്. തന്നോട് മോശമായി പെരുമാറിയ ജീവനക്കാരിയുടെ പേര് ചോദിച്ചുകൊണ്ട് യാത്രക്കാരനായ ജൂലിയോ വരേല മൊബൈലിൽ ദൃശ്യങ്ങൾ പകർത്തിയതാണ് വനിതാ ജീവനക്കാരിയെ പ്രകോപിപ്പിച്ചത്.
തന്റെ ഫോണെടുത്ത് വരേലയുടെ ദൃശ്യങ്ങൾ തിരികെ പകർത്തിക്കൊണ്ട്, “നിങ്ങൾക്ക് നേരെ ഐസിഇ അധികൃതരെ വിളിക്കേണ്ടി വരും, ഒരു പൗരനെപ്പോലെയല്ല നിങ്ങൾ പെരുമാറുന്നത്” എന്ന് ജീവനക്കാരി പ്രതികരിക്കുകയായിരുന്നു. യുഎസ് പൗരത്വം നേടിയിട്ടുള്ള വരേല ഈ വംശീയ പരാമർശത്തിൽ കൂടുതൽ രോഷാകുലനായി. യുണൈറ്റഡ് എയർലൈൻസിൽ വംശീയ അധിക്ഷേപം നടത്തുന്ന ജീവനക്കാരാണുള്ളതെന്നും ഇവർ അത്യന്തം മടിയന്മാരാണെന്നും അദ്ദേഹം ഉച്ചത്തിൽ വിളിച്ചുപറയുന്നത് വീഡിയോയിൽ കാണാം.
അമേരിക്കൻ പൗരനാണെങ്കിലും കാനഡ സന്ദർശനത്തിന് ശേഷം തിരിച്ചെത്തുമ്പോൾ ഐസിഇ അധികൃതർ തടഞ്ഞുവെക്കുമോ എന്ന് വരേല ഭയപ്പെട്ടിരുന്നെങ്കിലും അങ്ങനെയൊന്നും സംഭവിച്ചില്ല. സംഭവം വൻ വിവാദമായതോടെ വീഡിയോയിൽ കാണുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തിവരികയാണെന്ന് യുണൈറ്റഡ് എയർലൈൻസ് ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ സംഭവത്തിൽ കൂടുതൽ വിശദീകരണങ്ങൾ നൽകാൻ വിമാനക്കമ്പനി അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.
സാധാരണക്കാർക്ക് നേരെ വിമാനത്താവളങ്ങളിൽ നടക്കുന്ന ഇത്തരം വംശീയ അധിക്ഷേപങ്ങൾക്കെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷമാണ് ഉയരുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകൾ കൈവശമുണ്ടായിട്ടും വംശത്തിന്റെ പേരിൽ വിദേശിയായി മുദ്രകുത്താൻ ശ്രമിച്ച ജീവനക്കാരിക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി ആളുകളാണ് രംഗത്തെത്തിയിട്ടുള്ളത്. വിമാനക്കമ്പനികളിൽ നിന്ന് ഉപഭോക്താക്കൾക്ക് ലഭിക്കുന്ന മോശം സേവനങ്ങൾക്ക് തെളിവാണ് ഈ സംഭവമെന്നും ആക്ഷേപമുയരുന്നു.