നാഷണൽ പാർക്കിൽ വീട് വാങ്ങാൻ കാൽഭാഗത്തോളം അധിക തുക നൽകണം യുകെയിൽ റിയൽ എസ്റ്റേറ്റ് നിരക്ക് കുതിച്ചുയരുന്നു!
ലണ്ടൻ: യുകെയിലെ നാഷണൽ പാർക്ക് അതിർത്തിക്കുള്ളിൽ വീടുകൾ സ്വന്തമാക്കാൻ സാധാരണ മേഖലകളെ അപേക്ഷിച്ച് കാൽഭാഗത്തോളം (24 ശതമാനം) അധിക തുക നൽകേണ്ടിവരുന്നതായി യുകെയിലെ പ്രമുഖ ബിൽഡിംഗ് സൊസൈറ്റിയായ നാഷണൽ വൈഡിന്റെ പഠന റിപ്പോർട്ട്. നാഷണൽ പാർക്കുകളിൽ താമസിക്കാൻ ഏറ്റവും കൂടുതൽ തുക മുടക്കേണ്ടി വരുന്ന സ്ഥലം ‘ന്യൂ ഫോറസ്റ്റ്’ (New Forest) ആണ്. നാഷണൽ പാർക്കുകളുടെ മൂന്ന് മൈൽ ചുറ്റളവിലുള്ള വീടുകൾക്കും 6 ശതമാനത്തോളം അധിക വില ഈടാക്കുന്നുണ്ട്.
പ്രകൃതിരമണീയമായ അന്തരീക്ഷത്തിന് പുറമെ ഈ മേഖലകളിൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്നതാണ് വീടുകളുടെ ദൗർലഭ്യത്തിനും വിലവർദ്ധനവിനും പ്രധാന കാരണമാകുന്നത്. ന്യൂ ഫോറസ്റ്റിലെ ഒരു വീടിന്റെ ശരാശരി വില 5.63 ലക്ഷം പൗണ്ട് (ഏകദേശം 6 കോടിയിലധികം രൂപ) ആണ്. തൊട്ടുപിന്നിലുള്ള സൗത്ത് ഡൗൺസിൽ 4.85 ലക്ഷം പൗണ്ടും പീക്ക് ഡിസ്ട്രിക്റ്റിൽ 4.50 ലക്ഷം പൗണ്ടുമാണ് വീടുകളുടെ ശരാശരി നിരക്ക്.
മുൻപ് ‘സ്പെഷ്യൽ പ്രകൃതിസൗന്ദര്യ മേഖലകൾ’ (AONB) എന്ന് അറിയപ്പെട്ടിരുന്ന ഇംഗ്ലണ്ടിലെയും വെയിൽസിലെയും ‘നാഷണൽ ലാൻഡ്‌സ്കേപ്പ്’ പ്രദേശങ്ങളിലും വീടുകൾക്ക് 14 ശതമാനം അധിക വില നൽകേണ്ടിവരുന്നുണ്ട്. ഇതിൽ ഏറ്റവും ഉയർന്ന നിരക്കുള്ള സറേ ഹിൽസിൽ വീടുകളുടെ ശരാശരി വില 7.10 ലക്ഷം പൗണ്ടിലെത്തി നിൽക്കുന്നു. 1958-ൽ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ച സറേ ഹിൽസിൽ ഏകദേശം 40,000 ആളുകൾ മാത്രമാണ് ചെറു ഗ്രാമങ്ങളിലായി താമസിക്കുന്നത്.
വർഷങ്ങളായി ഇത്തരത്തിലുള്ള സംരക്ഷിത ഗ്രാമീണ മേഖലകളിലെ റിയൽ എസ്റ്റേറ്റ് വിലയിലെ ഈ വർദ്ധനവ് ഒരുപോലെ തുടരുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 2024-ൽ നാഷണൽ വൈഡ് നടത്തിയ പഠനത്തിലും നാഷണൽ പാർക്കുകളിലെ വീടുകൾക്ക് 25 ശതമാനവും ലാൻഡ്‌സ്കേപ്പ് മേഖലകളിൽ 15 ശതമാനവും അധിക തുക ഈടാക്കിയിരുന്നതായി പഠന റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.