Sathyian Nedumancherriyil

Subject : നായ്ക്കളുടെ ജീവന് വിലയില്ലേ? ഗ്രേഹൗണ്ട് റേസിങ് നിരോധിക്കാത്ത ലേബർ പാർട്ടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു.

നായ്ക്കളുടെ ജീവന് വിലയില്ലേ? ഗ്രേഹൗണ്ട് റേസിങ് നിരോധിക്കാത്ത ലേബർ പാർട്ടിക്കെതിരെ പ്രതിഷേധം ഇരമ്പുന്നു.

ലണ്ടൻ : ഇംഗ്ലണ്ടിൽ ഗ്രേഹൗണ്ട് റേസിങ് (നായ്ക്കളെ പങ്കെടുപ്പിച്ചുള്ള ഓട്ടമത്സരം) നിരോധിക്കാത്ത ലേബർ പാർട്ടിയുടെ നിലപാടിനെതിരെ ശക്തമായ വിമർശനവുമായി ഗ്രീൻ പാർട്ടി എം.പി ഹന്ന സ്പെൻസർ രംഗത്ത്. സാധാരണക്കാരായ തൊഴിലാളിവർഗത്തിന് ഈ വിനോദം പ്രിയപ്പെട്ടതാണെന്നും അതിനാൽ ഇത് നിരോധിക്കില്ലെന്നുമാണ് ലേബർ പാർട്ടിയുടെ നിലപാട്. എന്നാൽ, തൊഴിലാളിവർഗത്തെ ലേബർ പാർട്ടി മോശമായി ചിത്രീകരിക്കുകയാണെന്നും അവർക്ക് നായ്ക്കളോടോ മറ്റ് ജീവികളോടോ സ്നേഹമില്ലെന്ന രീതിയിലുള്ള പ്രചാരണം അങ്ങേയറ്റം അപമാനകരമാണെന്നും ഹന്ന സ്പെൻസർ പറഞ്ഞു. കഴിഞ്ഞ മാസം സ്കോട്ട്ലൻഡും വെയ്ൽസും ഈ കായികവിനോദം നിരോധിച്ചിരുന്നുവെങ്കിലും ഇംഗ്ലണ്ട് ആ വഴിക്ക് നീങ്ങുന്നില്ല.

മത്സരത്തിനിടയിൽ നായ്ക്കൾക്ക് സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളും മരണങ്ങളും വലിയ ആശങ്കയുയർത്തുന്നുണ്ട്. 2018-നും 2023-നും ഇടയിൽ 2,700 നായ്ക്കൾ ഈ മത്സരങ്ങളുമായി ബന്ധപ്പെട്ട് ചത്തതായും 26,500-ലധികം നായ്ക്കൾക്ക് പരിക്കേറ്റതായും കണക്കുകൾ വ്യക്തമാക്കുന്നു. മത്സരങ്ങളിൽ നിന്ന് ഒഴിവാക്കപ്പെടുന്ന നായ്ക്കളെ സംരക്ഷിക്കുന്നത് മൃഗക്ഷേമ സംഘടനകളാണ്. പലപ്പോഴും ഭയവും മാനസികാഘാതവും നേരിടുന്ന ഇത്തരം നായ്ക്കളെ സാധാരണ വീടുകളുമായി പൊരുത്തപ്പെടുത്തുക എന്നത് വലിയ വെല്ലുവിളിയാണെന്നും നാല് ഗ്രേഹൗണ്ടുകളെ ദത്തെടുത്ത് വളർത്തുന്ന ഹന്ന സ്പെൻസർ ചൂണ്ടിക്കാട്ടി.

അതേസമയം, ചൂതാട്ട വ്യവസായം രാജ്യത്തിന് സാമ്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നും നിരവധി പേർക്ക് ഇത് സന്തോഷം നൽകുന്നുവെന്നുമാണ് സാംസ്കാരിക സെക്രട്ടറി ലിസ നാൻഡിയുടെ നിലപാട്. എന്നാൽ ലേബർ പാർട്ടിക്ക് ചൂതാട്ട കമ്പനികളുമായുള്ള വഴിവിട്ട ബന്ധമാണ് ഇത്തരം തീരുമാനങ്ങൾക്ക് പിന്നിലെന്ന് ആരോപണമുണ്ട്. പൊതുതിരഞ്ഞെടുപ്പ് സമയത്ത് ചൂതാട്ട കമ്പനികളിൽ നിന്ന് ലക്ഷക്കണക്കിന് പൗണ്ട് ലേബർ പാർട്ടിക്ക് സംഭാവനയായി ലഭിച്ചിരുന്നു. ചൂതാട്ടത്തിന് അടിമപ്പെട്ടവരുടെ കണ്ണീരിൽ നിന്ന് പടുത്തുയർത്തിയ കമ്പനികളുടെ വിരുന്നുകളിൽ ലേബർ എം.പിമാർ പങ്കെടുക്കുന്നത് ലജ്ജാകരമാണെന്ന് സ്പെൻസർ കുറ്റപ്പെടുത്തി.

ഗ്രേഹൗണ്ട് റേസിംഗിന് പുറമെ കുതിരപ്പന്തയവും നിരോധിക്കണമെന്ന ചർച്ചകൾ ബ്രിട്ടനിൽ ശക്തമാകുന്നുണ്ട്. ഗ്രാൻഡ് നാഷണൽ മത്സരത്തിനിടയിൽ രണ്ട് കുതിരകൾ ചത്തത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കുതിരപ്പന്തയത്തെക്കുറിച്ചും ഗൗരവകരമായ ചർച്ചകൾ ആവശ്യമുള്ള സമയമാണിതെന്ന് ഹന്ന സ്പെൻസർ പറഞ്ഞു. ബ്രിട്ടീഷ് സംസ്കാരത്തിന്റെ ഭാഗമായ ഗ്രേഹൗണ്ട് റേസിങ് പ്രതിവർഷം 164 ദശലക്ഷം പൗണ്ട് സാമ്പത്തിക സംഭാവന നൽകുന്നുണ്ടെന്നും അയ്യായിരത്തിലധികം പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നുമാണ് ഗ്രേഹൗണ്ട് ബോർഡ് ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ വാദം. എന്നാൽ മൃഗങ്ങളുടെ ക്ഷേമത്തേക്കാൾ സാമ്പത്തിക ലാഭത്തിന് മുൻഗണന നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്.