Sathyian Nedumancherriyil

Subject : നഷ്ടപരിഹാരം വെറും ‘തുച്ഛം’: 30 വർഷത്തെ മരവിപ്പിക്കൽ അവസാനിപ്പിക്കാൻ ബ്രിട്ടനിൽ മുറവിളി.

നഷ്ടപരിഹാരം വെറും ‘തുച്ഛം’: 30 വർഷത്തെ മരവിപ്പിക്കൽ അവസാനിപ്പിക്കാൻ ബ്രിട്ടനിൽ മുറവിളി.

ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാരത്തുക ഉയർത്തണം: ക്യാമ്പയിനർമാർ

ലണ്ടൻ :ബ്രിട്ടനിൽ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്ക് നൽകുന്ന പരമാവധി നഷ്ടപരിഹാരത്തുകയായ 500,000 പൗണ്ട് ഒന്നിനും തികയുന്നില്ലെന്നും, മുപ്പത് വർഷമായി തുടരുന്ന ഈ പരിധി ഉടൻ പരിഷ്കരിക്കണമെന്നും ആവശ്യപ്പെട്ട് ക്യാമ്പയിനർമാർ രംഗത്തെത്തി. 1996 ഏപ്രിലിൽ ക്രിമിനൽ ഇൻജുറീസ് കോമ്പൻസേഷൻ അതോറിറ്റി (CICA) നിശ്ചയിച്ച ഈ തുക പണപ്പെരുപ്പത്തിന് അനുസൃതമായി പുതുക്കിയിരുന്നെങ്കിൽ ഇന്ന് അത് 1,015,000 പൗണ്ടിന് മുകളിൽ എത്തുമായിരുന്നുവെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

മസ്തിഷ്കാഘാതം, തളർച്ച തുടങ്ങിയ ഗുരുതരമായ പരിക്കുകൾ പറ്റി ജീവിതകാലം മുഴുവൻ മറ്റൊരാളുടെ സഹായം തേടേണ്ടി വരുന്നവർക്കും ജോലിക്ക് പോകാൻ കഴിയാത്തവർക്കും വേണ്ടിയാണ് ഈ തുക നൽകുന്നത്. എന്നാൽ നിലവിലെ ജീവിതച്ചെലവ് കണക്കിലെടുക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്നും ഇത് ഇരകളോടുള്ള അവഹേളനമാണെന്നും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

2021-ൽ ആക്രമിക്കപ്പെട്ടതിനെത്തുടർന്ന് മസ്തിഷ്കാഘാതം സംഭവിച്ച ക്രേഗ് ലൂയിസ്-വില്യംസ് എന്ന 50-കാരന്റെ അനുഭവം ഈ അവസ്ഥയുടെ തീവ്രത വ്യക്തമാക്കുന്നു. ആക്രമണത്തിന് ശേഷം പക്ഷാഘാതം വന്ന് ശയ്യാവലംബിയായ അദ്ദേഹത്തിന് ഇപ്പോൾ ട്യൂബിലൂടെയാണ് ഭക്ഷണം നൽകുന്നത്. നിലവിൽ പരമാവധി തുകയായ അഞ്ച് ലക്ഷം പൗണ്ട് ലഭിച്ചെങ്കിലും, ഇനിയുള്ള 25-30 വർഷത്തെ ചികിൽസയ്ക്കും വീൽചെയർ അടക്കമുള്ള ഉപകരണങ്ങൾക്കും നിത്യച്ചെലവിനും ഇത് ഒന്നിനും തികയില്ലെന്ന് അദ്ദേഹത്തിന്റെ ഭാര്യ ആശങ്കപ്പെടുന്നു. സമാനമായ ആശങ്കയാണ് തന്റെ ദത്തുപുത്രി ലൂവിനെക്കുറിച്ച് നിിക്കോള എന്ന അമ്മയ്ക്കുമുള്ളത്. കുട്ടിക്കാലത്തെ പീഡനങ്ങൾ കാരണം മസ്തിഷ്കത്തിന് തകരാർ സംഭവിച്ച ലൂവിന് ജീവിതകാലം മുഴുവൻ ഈ തുക കൊണ്ട് ജീവിക്കേണ്ടി വരും. 80 വയസ്സുവരെ ഈ തുക എങ്ങനെ തികയുമെന്നാണ് അവരുടെ ചോദ്യം.

അസോസിയേഷൻ ഓഫ് പേഴ്സണൽ ഇൻജുറി ലോയേഴ്സിന്റെ (Apil) മുൻ പ്രസിഡന്റ് നീൽ ഷുഗർമാൻ ഈ വിഷയത്തിൽ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. ചക്രക്കസേരയിൽ ജീവിതം ഹോമിക്കേണ്ടി വന്നവർക്കും പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നവർക്കും ഇത്രയും കുറഞ്ഞ തുക നൽകുന്നത് നീതിയല്ലെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, കുറ്റകൃത്യങ്ങളിൽ അതിജീവിച്ചവർക്ക് അർഹമായ പിന്തുണ നൽകാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും, 2024-25 കാലയളവിൽ 164 മില്യൺ പൗണ്ടിലധികം നഷ്ടപരിഹാരമായി വിതരണം ചെയ്തിട്ടുണ്ടെന്നും നീതിന്യായ മന്ത്രാലയ വക്താവ് അറിയിച്ചു. എങ്കിലും, കാലഹരണപ്പെട്ട ഈ സാമ്പത്തിക പരിധി മാറ്റാതെ ഇരകൾക്ക് യഥാർത്ഥ നീതി ലഭിക്കില്ലെന്നാണ് പൊതുവായ വികാരം.