Sathyian Nedumancherriyil

Subject : നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തി; ഷെഫീൽഡിൽ നാല് പേർക്കെതിരെ കൊലപാതകക്കുറ്റം!

നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തി; ഷെഫീൽഡിൽ നാല് പേർക്കെതിരെ കൊലപാതകക്കുറ്റം!

ഷെഫീൽഡ്: യുകെയിലെ ഷെഫീൽഡിൽ നവജാത ശിശുവിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ നാലുപേർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി. രണ്ടു പുരുഷന്മാരും രണ്ടു സ്ത്രീകളുമടങ്ങുന്ന സംഘത്തിനെതിരെ കൊലപാതകം, കുട്ടിയുടെ മരണത്തിന് കാരണമാകൽ അല്ലെങ്കിൽ അതിന് വഴിയൊരുക്കൽ, തെളിവുകൾ നശിപ്പിച്ച് നീതി നിർവ്വഹണം തടസ്സപ്പെടുത്താൻ ശ്രമിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇവർ ബുധനാഴ്ച കോടതിയിൽ ഹാജരാകും.

ഇതിനുപുറമെ, നിയമപരമായ കാരണങ്ങളാൽ പേര് വെളിപ്പെടുത്താത്ത 15 കാരിയായ പെൺകുട്ടിക്കെതിരെയും നീതി നിർവ്വഹണം തടസ്സപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെയാണ് വിൻകോബാങ്ക് മേഖലയിലെ ഹോളി വെൽ ഹൈറ്റ്‌സിലുള്ള വീട്ടിൽ കുഞ്ഞിന്റെ സുരക്ഷ സംബന്ധിച്ച് പോലീസിന് വിവരം ലഭിക്കുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ പോലീസുകാർ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പോസ്റ്റ്‌മോർട്ടം പരിശോധനയിലാണ് കുഞ്ഞിന്റെ മരണകാരണം കുത്തേറ്റ മുറിവുകളാണെന്ന് വ്യക്തമായത്. തുടർന്ന് ചൊവ്വാഴ്ച വൈകുന്നേരത്തോടെ ആൻഡ്രിയ സ്കോപോവ (20), പീറ്റർ ഹോർവാത്ത് (19), പീറ്റർ ഹോർവാത്ത് (38), നീന ഹോർവാത്തോവ (37) എന്നിവർക്കെതിരെ കൊലപാതകത്തിന് കേസെടുക്കുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.

നിലവിൽ കസ്റ്റഡിയിലുള്ള അഞ്ചു പ്രതികളെയും ഷെഫീൽഡ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. സംഭവവുമായി ബന്ധപ്പെട്ട് സംശയത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായ 26-ഉം 37-ഉം വയസ്സുള്ള മറ്റ് രണ്ടു സ്ത്രീകൾ നിലവിൽ ജാമ്യത്തിൽ തുടരുകയാണ്. കേസിൽ വിശദമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു.