Sathyian Nedumancherriyil

Subject : നമ്മുടെ ജീവിതകാലത്ത് തന്നെ ക്യാൻസറിന് പരിഹാരം; പ്രതീക്ഷ നൽകി എഐ മുന്നേറ്റമെന്ന് ടെക് ഭീമൻ.

നമ്മുടെ ജീവിതകാലത്ത് തന്നെ ക്യാൻസറിന് പരിഹാരം; പ്രതീക്ഷ നൽകി എഐ മുന്നേറ്റമെന്ന് ടെക് ഭീമൻ.

ലണ്ടൻ: നിർമ്മിത ബുദ്ധിയുടെ (AI) വേഗത്തിലുള്ള വളർച്ചയിലൂടെ നമ്മുടെ ജീവിതകാലത്തിനുള്ളിൽ തന്നെ ക്യാൻസറിന് പൂർണ്ണമായൊരു പരിഹാരം കണ്ടെത്താൻ സാധിക്കുമെന്ന് പ്രമുഖ ബ്രിട്ടീഷ് ചിപ്പ് ഡിസൈനിംഗ് കമ്പനിയായ ‘ആം ഹോൾഡിംഗ്സ്’ (Arm Holdings) സിഇഒ റെനെ ഹാസ്. നിലവിൽ ഡിഎൻഎ മാർക്കറുകളിൽ ക്യാൻസർ ഉണ്ടാക്കുന്ന മാറ്റങ്ങൾ കൃത്യമായി കണ്ടെത്തുന്നത് മനുഷ്യർക്കും ഇന്നത്തെ കമ്പ്യൂട്ടറുകൾക്കും അതീവ സങ്കീർണ്ണമായ ഒന്നാണെങ്കിലും ഭാവിയിൽ എഐ ഇത് പരിഹരിക്കുമെന്ന് ബിബിസിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.

നിലവിൽ തന്നെ ക്യാൻസർ ഗവേഷണത്തിലും രോഗനിർണ്ണയത്തിലും എഐ അധിഷ്ഠിത സാങ്കേതികവിദ്യകൾ ശാസ്ത്രജ്ഞർ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മുൻപ് എഐ ഉപയോഗിച്ചുള്ള എക്സ്-റേ സാങ്കേതികവിദ്യ വഴി യുകെയിലെ നാഷണൽ ഹെൽത്ത് സർവീസ് (NHS) ദശലക്ഷക്കണക്കിന് ആളുകൾക്കാണ് അതിവേഗത്തിൽ ശ്വാസകോശ പരിശോധന നിർവ്വഹിച്ചു നൽകിയത്. കമ്പ്യൂട്ടറുകളുടെ ശേഷി വർദ്ധിക്കുകയും കൂടുതൽ വിവരങ്ങൾ വിശകലനം ചെയ്യാൻ സാധിക്കുകയും ചെയ്യുന്നതോടെ ക്യാൻസറിന് കൃത്യമായ മരുന്ന് കണ്ടെത്താൻ എഐക്ക് സാധിക്കുമെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

ക്യാൻസർ ചികിത്സയ്ക്ക് പുറമെ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മനുഷ്യരെപ്പോലെ പ്രവർത്തിക്കുന്ന ‘ഹ്യുമനോയ്ഡ് റോബോട്ടുകൾ’ വ്യാപകമാകുമെന്നും റെനെ ഹാസ് പ്രവചിക്കുന്നു. എഐ സഹായത്തോടെ കാഴ്ചയും പഠനശേഷിയും കൈവരിക്കുന്ന ഈ റോബോട്ടുകൾക്ക് സർവീസ് മേഖലകളിൽ ഒരേ സമയം പലവിധ ജോലികൾ ചെയ്യാൻ സാധിക്കും. എന്നാൽ നിലവിലുള്ള ചിപ്പുകളുടെ ക്ഷാമം ഈ മേഖലയിലെ പെട്ടെന്നുള്ള വളർച്ചയ്ക്ക് തിരിച്ചടിയാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ബ്രിട്ടനിലെ പ്രമുഖ ഫാർമസ്യൂട്ടിക്കൽ ഭീമനായ ആസ്ട്രസെനെക്കയുടെ മുൻ ഡയറക്ടർ ബോർഡ് അംഗം കൂടിയാണ് റെനെ ഹാസ്. ലോകത്തിലെ പ്രമുഖ സാങ്കേതികവിദ്യാ കമ്പനികളായ ആപ്പിൾ, സാംസങ്, എൻവിഡിയ തുടങ്ങിയ ഭീമന്മാർക്ക് ആവശ്യമായ ചിപ്പുകൾ ഡിസൈൻ ചെയ്യുന്നത് യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ആം ഹോൾഡിംഗ്സ് ആണ്. 269 ബില്യൺ ഡോളർ മൂല്യമുള്ള ഈ കമ്പനി നിലവിൽ യുകെയിലെ ഏറ്റവും വലിയ ടെക്നോളജി സ്ഥാപനങ്ങളിൽ ഒന്നാണ്.