ദുരന്തഭീതിയിൽ ബ്രിട്ടൻ: ഭക്ഷണം ശേഖരിച്ചുവെക്കാൻ പൗരന്മാർക്ക് സർക്കാരിന്റെ നിർദ്ദേശം!.
ലണ്ടൻ: കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളും വിദേശ രാജ്യങ്ങളിൽ നിന്നുള്ള സൈബർ-സൈനിക ഭീഷണികളും നേരിടാൻ പൗരന്മാർ മുൻകരുതലുകൾ എടുക്കണമെന്ന് ബ്രിട്ടീഷ് സർക്കാരിന്റെ മുന്നറിയിപ്പ്. അടിയന്തര സാഹചര്യങ്ങളെ നേരിടാൻ വീടുകളിൽ കുടിവെള്ളവും ഉണങ്ങിയ ഭക്ഷണസാധനങ്ങളും ശേഖരിച്ചു വെക്കാൻ കാബിനറ്റ് ഓഫീസ് നിർദ്ദേശം നൽകി.
ദേശീയ ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ സാധാരണക്കാർ സ്വയം പര്യാപ്തരാകുന്നത് വഴി, സർക്കാരിന്റെ അടിയന്തര സഹായങ്ങൾ ഏറ്റവും കൂടുതൽ ആവശ്യമുള്ള താഴേത്തട്ടിലുള്ളവരിലേക്ക് വേഗത്തിൽ എത്തിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. പ്രളയം, കടുത്ത ഉഷ്ണതരംഗം, സൈബർ ആക്രമണങ്ങൾ, ശത്രുരാജ്യങ്ങളുടെ ഭീഷണികൾ എന്നിവ നേരിടാനുള്ള രാജ്യത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ കാമ്പയിൻ.
കഴിഞ്ഞ ദിവസങ്ങളിൽ ബ്രിട്ടനിലെ ഒരു ഊർജ്ജ നിലയത്തിന് നേരെ ഇറാൻ ബന്ധമുള്ള ഹാക്കർമാരുടെ സൈബർ ആക്രമണം ഉണ്ടായതും, റഷ്യയുമായുള്ള നയതന്ത്ര ബന്ധം വഷളായതുമാണ് പ്രതിരോധ തന്ത്രങ്ങൾ വേഗത്തിലാക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. പുതിയ സാഹചര്യത്തിൽ രാജ്യത്തെ കുടുംബങ്ങൾക്ക് അടിസ്ഥാന അടിയന്തര പരിശീലനം നൽകാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.