Sathyian Nedumancherriyil

Subject : ദുബായിൽ കുടുങ്ങി കിനഹാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് രാജാവിനെ വീഴ്ത്തി അയർലണ്ട്-യുഎഇ സഖ്യം.

ദുബായിൽ കുടുങ്ങി കിനഹാൻ; അന്താരാഷ്ട്ര മയക്കുമരുന്ന് രാജാവിനെ വീഴ്ത്തി അയർലണ്ട്-യുഎഇ സഖ്യം.

ഡബ്ലിന്‍ : അയർലണ്ടിലെ കുപ്രസിദ്ധ അധോലോക നായകനായ ഡാനിയേൽ കിനഹാൻ ദുബായിൽ പിടിയിലായി. ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അയർലണ്ട് കോടതികൾ പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ദുബായ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അയർലണ്ടും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമുള്ള ആദ്യത്തെ വലിയ വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ ഗുരുതരമായ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന കിനഹാൻ കാർട്ടലിന്റെ തലവനാണ് ഇയാൾ. ഇയാളെ വിട്ടു കിട്ടുന്നതിനുള്ള നിയമനടപടികൾ ആരംഭിച്ചതായും വൈകാതെ തന്നെ അയർലണ്ടിലെത്തിച്ച് വിചാരണ ചെയ്യുമെന്നും ജസ്റ്റിസ് മന്ത്രാലയവും ഗാർഡയും സ്ഥിരീകരിച്ചു.

ഗാർഡ നാഷണൽ ഡ്രഗ്സ് ആൻഡ് ഓർഗനൈസ്ഡ് ക്രൈം ബ്യൂറോയും വിദേശകാര്യ വകുപ്പും അന്താരാഷ്ട്ര ഏജൻസികളുമായി നടത്തിയ മാസങ്ങൾ നീണ്ട ഏകോപിത നീക്കത്തിനൊടുവിലാണ് ഈ നിർണ്ണായക അറസ്റ്റ് നടന്നത്. കിനഹാൻ ഗ്രൂപ്പിന് യൂറോപ്പിലും തെക്കേ അമേരിക്കയിലും ശക്തമായ വേരുകളുണ്ടെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് തന്നെ ഇവർ ഭീഷണിയാണെന്നും അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

2022-ൽ ഡാനിയേൽ കിനഹാനെയും കൂട്ടാളികളെയും പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 15 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇറ്റാലിയൻ മാഫിയയുൾപ്പെടെയുള്ള ആഗോള കുറ്റവാളി സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന കിനഹാന്റെ അറസ്റ്റ് അന്താരാഷ്ട്ര സംഘടിത കുറ്റകൃത്യങ്ങൾക്കെതിരെയുള്ള പോരാട്ടത്തിൽ വലിയൊരു നാഴികക്കല്ലാണ്.