തൊഴിലില്ലായ്മ പരിഹരിക്കാൻ നീക്കം; ഇംഗ്ലണ്ടിൽ മുതിർന്ന ജീവനക്കാരുടെ പരിശീലന ചെലവ് വർദ്ധിപ്പിക്കാൻ സർക്കാർ!
ലണ്ടൻ : രാജ്യത്ത് വർദ്ധിച്ചുവരുന്ന യുവാക്കളുടെ തൊഴില്ലായ്മ പരിഹരിക്കുന്നതിനായി, 25 വയസ്സിന് മുകളിലുള്ള മുതിർന്ന ജീവനക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് കമ്പനികളിൽ നിന്നും കൂടുതൽ തുക ഈടാക്കാൻ ബ്രിട്ടീഷ് സർക്കാർ ഒരുങ്ങുന്നു. അപ്രന്റീസ്ഷിപ്പ് ഫണ്ടിംഗ് പദ്ധതിയിൽ മാറ്റങ്ങൾ വരുത്തി, മുതിർന്ന തൊഴിലാളികളുടെ പരിശീലന ചെലവ് 25 ശതമാനം വരെ വർദ്ധിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതിലൂടെ സ്ഥാപനങ്ങൾ മുതിർന്നവർക്ക് പകരം യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകുമെന്നാണ് അധികൃതർ കണക്കുകൂട്ടുന്നത്.
കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ യുവാക്കൾക്കിടയിലെ അപ്രന്റീസ്ഷിപ്പ് പങ്കാളിത്തത്തിൽ 40 ശതമാനത്തിന്റെ ഇടിവുണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കം. നിലവിൽ യുകെയിൽ വിദ്യാഭ്യാസമോ തൊഴിലോ ഇല്ലാത്ത യുവാക്കളുടെ എണ്ണം ഏകദേശം പത്ത് ലക്ഷത്തോടടുത്തിരിക്കുകയാണ്. ഈ പ്രതിസന്ധി പരിഹരിക്കാൻ മുൻ ലേബർ മന്ത്രി അലൻ മിൽബേൺ തയ്യാറാക്കിയ പ്രത്യേക അവലോകന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അപ്രന്റീസ്ഷിപ്പ് തുകയിൽ വ്യതിയാനം വരുത്താൻ ഭരണകൂടം തയ്യാറെടുക്കുന്നത്.
അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ പാർലമെന്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി ജോൺ ഹീലി യുവാക്കളുടെ തൊഴിൽ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുള്ള തുക വകയിരുത്തും. നിലവിലെ നികുതി സംവിധാനമായ ‘ഗ്രോത്ത് ആൻഡ് സ്കിൽസ് ലെവി’ പ്രകാരം ചെലവഴിക്കുന്ന പ്രതിവർഷ 400 കോടി പൗണ്ടിൽ നിന്നാണ് പരിശീലനങ്ങൾക്കായി തുക കണ്ടെത്തുന്നത്. 16 മുതൽ 24 വയസ്സുവരെയുള്ള യുവാക്കളുടെ പരിശീലന ചെലവ് പൂർണ്ണമായും സർക്കാർ ഫണ്ടിൽ നിന്ന് വഹിക്കുമ്പോൾ, മുതിർന്ന ജീവനക്കാർക്ക് നൽകുന്ന പരിശീലനത്തിന്റെ 75 ശതമാനം തുക മാത്രമേ ഫണ്ടിൽ നിന്ന് അനുവദിക്കൂ.
അതേസമയം, തൊഴിലുടമകൾക്ക് സ്വന്തം ഫണ്ട് ചെലവഴിക്കുന്നതിലുള്ള ഈ പുതിയ നിയന്ത്രണം കമ്പനികളുടെ ശക്തമായ എതിർപ്പിന് കാരണമായേക്കും. മുൻപ് കമ്പനികൾക്ക് അവരുടെ താല്പര്യപ്രകാരം പരിശീലന ഫണ്ട് ചെലവഴിക്കാൻ അനുവാദമുണ്ടായിരുന്നു. എന്നാൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകാൻ ഈ മാറ്റങ്ങൾ അത്യന്താപേക്ഷിതമാണെന്നാണ് തൊഴിൽ മന്ത്രാലയ വക്താവ് നൽകുന്ന വിശദീകരണം.