തീർത്ഥാടകരുടെ ബസ് താഴ്ചയിലേക്ക് മറിഞ്ഞു വൻ ദുരന്തം: 12 പോളിഷ് പൗരന്മാർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്
ബുഡാപെസ്റ്റ്: ഹംഗറിയിലെ (Hungary) M3 മോട്ടർവേയിൽ തീർത്ഥാടകരുമായി സഞ്ചരിച്ച ബസ് റോഡിൽ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് 12 പോളിഷ് (Polish) വിനോദസഞ്ചാരികൾ കൊല്ലപ്പെട്ടു. ബോസ്നിയ ആൻഡ് ഹെർസഗോവിനയിലെ പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ മെഡ്ജുഗോറിയയിൽ (Međugorje) നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടക സംഘമാണ് ദുരന്തത്തിൽപ്പെട്ടത്. പ്രാദേശിക സമയം പുലർച്ചെ 1 മണിയോടെ മെസോകെറെസ്റ്റസ് (Mezőkeresztes) നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് വഴിവെച്ചതെന്നാണ് പ്രാഥമിക നിഗമനം.
പോളണ്ടിലെ തെക്കുകിഴക്കൻ പോഡ്കാർപാക്കി (Podkarpackie) മേഖലയിൽ നിന്നുള്ള 57 യാത്രക്കാരും രണ്ട് ഡ്രൈവർമാരുമാണ് ബസിലുണ്ടായിരുന്നത്. അപകടത്തിൽ നിസ്സാര പരിക്കേറ്റ ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ 10 പേർ ഉൾപ്പെടെ ഭൂരിഭാഗം യാത്രക്കാരെയും ഡിബ്രെസെൻ, മിസ്കോൾക്, ഈഗർ തുടങ്ങിയ പ്രദേശങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 37 ഓളം ആളുകൾക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ടെന്ന് ഹംഗേറിയൻ ആംബുലൻസ് വിഭാഗം അറിയിച്ചു.
അപകടത്തെ തുടർന്ന് പോളണ്ട്, ഹംഗറി രാഷ്ട്രത്തലവന്മാർ അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ തീവ്രമായ ദുഃഖം രേഖപ്പെടുത്തിയ പോളിഷ് പ്രസിഡന്റ് കരോൾ നവ്റോക്കി (Karol Nawrocki), മരിച്ചവരുടെ കുടുംബാംഗങ്ങളുടെ പ്രാർത്ഥനയിൽ പങ്കുചേരുന്നതായി അറിയിച്ചു. ഹംഗേറിയൻ പ്രധാനമന്ത്രി പീറ്റർ മഗ്യാർ (Péter Magyar) ഇരകളുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായ അടിയന്തര സേനകൾക്ക് നന്ദി അറിയിക്കുകയും ചെയ്തു. ബസ് ഡ്രൈവർമാരുടെ ജോലി സമയവും വാഹനങ്ങളുടെ അവസ്ഥയും കർശനമായി പരിശോധിക്കാൻ പോളിഷ് ഇൻഫ്രാസ്ട്രക്ചർ മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്.
തെക്കുകിഴക്കൻ നഗരമായ ക്രൊസ്നോയിൽ നിന്നുള്ള പ്രോസിക്യൂട്ടർമാരുടെ പ്രത്യേക സംഘം അപകടത്തെക്കുറിച്ച് അന്വേഷണം നടത്തും. പോളിഷ് കത്തോലിക്കാ വിശ്വാസികളുടെ പ്രധാന വേനൽക്കാല തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് മെഡ്ജുഗോറിയ. ഇതിനുമുമ്പും പോളിഷ് തീർത്ഥാടകർ സഞ്ചരിച്ച ബസുകൾ സമാനമായ രീതിയിൽ അപകടത്തിൽപ്പെട്ടിട്ടുണ്ട്; 2022-ൽ ക്രോയേഷ്യയിലുണ്ടായ അപകടത്തിൽ 12 പേരും, 2002-ൽ ഹംഗറിയിലുണ്ടായ ബസ് അപകടത്തിൽ 20 പേരും കൊല്ലപ്പെട്ടിരുന്നു.