താല്ക്കാലിക ജീവനക്കാരുടെ പെൻഷനും ആനുകൂല്യങ്ങളും തട്ടിയെടുത്തു; പ്രമുഖ കൊറിയർ കമ്പനിയായ ‘ഡി.പി.ഡി’ വിവാദത്തിൽ.
ലണ്ടൻ: യുകെയിലെ പ്രമുഖ കൊറിയർ സേവന കമ്പനിയായ ‘ഡി.പി.ഡി’യിലെ (DPD) ആയിരക്കണക്കിന് താല്ക്കാലിക ജീവനക്കാർക്ക് ലഭിക്കേണ്ട രോഗാവധിക്കാല ആനുകൂല്യങ്ങളും (Sick Pay) പെൻഷൻ വിഹിതവും നൽകിയിട്ടില്ലെന്ന് വെളിപ്പെടുത്തൽ. കമ്പനിയുടെ ആഭ്യന്തര രേഖകൾ ചോർന്നതോടെയാണ് തൊഴിൽ നിയമ ലംഘനത്തിന്റെ വിവരങ്ങൾ പുറത്തുവന്നത്. ഏജൻസികൾ വഴി നിയമിക്കപ്പെട്ട കുറഞ്ഞ വേതനക്കാരായ താല്ക്കാലിക ജീവനക്കാരാണ് ചൂഷണത്തിന് ഇരയായത്.
പ്രതിവർഷം ദശലക്ഷക്കണക്കിന് പാർസലുകൾ അയക്കുന്ന ഡി.പി.ഡി, ജീവനക്കാരെ നൽകുന്ന റിക്രൂട്ട്മെന്റ് ഏജൻസികൾക്ക് നൽകുന്ന തുകയുടെ കണക്കുകളിലാണ് പെൻഷൻ, സിക്കിംഗ് പേ എന്നിവയുടെ വിഹിതം ഒഴിവാക്കിയിരിക്കുന്നത്. 12 ആഴ്ചത്തെ സേവനത്തിന് ശേഷമാണ് പെൻഷൻ വിഹിതം നൽകേണ്ടത് എന്നതിനാൽ, അത് ഒഴിവാക്കാനായി കാലാവധി പൂർത്തിയാകുന്നതിന് മുൻപ് തന്നെ ജീവനക്കാരെ മാറ്റുകയാണോ എന്ന് സംശയമുയർന്നിട്ടുണ്ട്. തൊഴിൽ നിയമങ്ങളുടെ കടുത്ത ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ നൽകേണ്ട പ്രാഥമിക ഉത്തരവാദിത്തം റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കാണെന്നാണ് ഡി.പി.ഡിയുടെ വിശദീകരണം. തങ്ങൾ ഏജൻസികൾക്ക് നിശ്ചിത തുക നൽകുന്നുണ്ടെന്നും നിയമങ്ങൾ പാലിക്കാൻ ഏജൻസികൾക്ക് കരാർ പ്രകാരം ബാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി. യുകെയിൽ ഈയിടെ നിലവിൽ വന്ന ‘ഫെയർ വർക്ക് ഏജൻസി’ ഇത്തരം തൊഴിൽ ചൂഷണങ്ങൾക്കെതിരെ അന്വേഷണം ശക്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.