തടി കുറയ്ക്കാൻ ദിനവും കഴിക്കാവുന്ന പുതിയ ഗുളിക; യുകെയിൽ അംഗീകാരം നൽകുന്ന യൂറോപ്പിലെ ആദ്യ രാജ്യം.
ലണ്ടൻ: ശരീരഭാരം കുറയ്ക്കുന്നതിനും ടൈപ്പ് 2 പ്രമേഹത്തിനുമായി വികസിപ്പിച്ച പുതിയ ഗുളികയ്ക്ക് യുകെയിൽ ഉപയോഗാനുമതി. പ്രശസ്ത മരുന്ന് നിർമ്മാണ കമ്പനിയായ ഈലൈ ലില്ലി (Eli Lilly) വികസിപ്പിച്ച ‘ഫൗണ്ടായോ’ (Foundayo) എന്ന മരുന്നിനാണ് മെഡിസിൻസ് ആന്റ് ഹെൽത്ത്കെയർ പ്രൊഡക്ട്സ് റെഗുലേറ്ററി ഏജൻസി (MHRA) അംഗീകാരം നൽകിയത്. ഈ മരുന്നിന് അനുമതി നൽകുന്ന ആദ്യ യൂറോപ്യൻ രാജ്യമാണ് യുകെ.
വിശപ്പ് കുറയ്ക്കാൻ സഹായിക്കുന്ന ജി.എൽ.പി-1 (GLP-1) വിഭാഗത്തിൽപ്പെടുന്നതാണ് ഫൗണ്ടായോ. നിലവിലുള്ള മറ്റ് ഇൻജക്ഷൻ മരുന്നുകളേക്കാൾ കുറഞ്ഞ ചെലവിൽ ലഭ്യമാകുമെന്നതാണ് ഇതിന്റെ പ്രധാന മേന്മ. കൂടാതെ വെറും വയറ്റിൽ കഴിക്കേണ്ട മറ്റു ചില മരുന്നുകളെ അപേക്ഷിച്ച്, ഫൗണ്ടായോ ദിവസത്തിൽ ഏതു സമയത്തും കഴിക്കാമെന്നതും രോഗികൾക്ക് സൗകര്യപ്രദമാണ്. ഡോക്ടറുടെ കുറിപ്പടിയോടെ സ്വകാര്യമായി മരുന്ന് ലഭ്യമാകുമെങ്കിലും യുകെയിലെ ദേശീയ ആരോഗ്യ സേവനമായ എൻ.എച്ച്.എസിൽ (NHS) ഇത് സൗജന്യമായി ലഭ്യമാക്കാൻ നടപടികൾ പുരോഗമിക്കുകയാണ്.
ശരീരഭാരം കുറയ്ക്കാൻ മുൻപ് ഇൻജക്ഷൻ എടുത്തവർ പിന്നീട് ഈ ഗുളിക ദിവസേന കഴിക്കുന്നതിലൂടെ ഭാരം വീണ്ടും കൂടുന്നത് തടയാൻ സാധിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. എങ്കിലും, ആരോഗ്യകരമായ ഭക്ഷണക്രമവും വ്യായാമവും മരുന്നിനൊപ്പം അത്യാവശ്യമാണ്. മറ്റേതൊരു മരുന്നിനെയും പോലെ ഛർദ്ദി, വയറിളക്കം, മലബന്ധം തുടങ്ങിയ പാർശ്വഫലങ്ങൾ ഇതിനും ഉണ്ടാകാനിടയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.