തടവിലാക്കിയവരുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാം നിലയിലെ ജനലിലൂടെ ചാടി യുവാവ്; യുകെയിൽ 5 പേർക്ക് തടവുശിക്ഷ.
ലിങ്കൺ (യുകെ): തടങ്കലിൽ വച്ച് ക്രൂരമായി പീഡിപ്പിച്ച സംഘത്തിൽ നിന്ന് രക്ഷപ്പെടാൻ ഒന്നാം നിലയിലെ ജനലിലൂടെ മരത്തിലേക്ക് ചാടി ഇറങ്ങി ഓടിയ യുവാവിനെ യാദൃശ്ചികമായി എത്തിയ പോലീസ് വാഹനം രക്ഷപ്പെടുത്തി. മുൻകാല വ്യക്തിബന്ധങ്ങളിലെ തർക്കങ്ങളെ തുടർന്ന് 2025 ജൂലൈയിലാണ് ലിങ്കൺഷെയറിലെ മാർക്കറ്റ് റാസൻ എന്ന സ്ഥലത്തേക്ക് യുവാവിനെ തന്ത്രപൂർവ്വം വിളിച്ചുവരുത്തി അഞ്ചംഗ സംഘം തടവിലാക്കിയത്. മണിക്കൂറുകളോളം മർദ്ദിക്കുകയും അപമാനിക്കുകയും ചെയ്ത ദൃശ്യങ്ങൾ അക്രമികൾ ഫോണിൽ പകർത്തി ആസ്വദിക്കുകയായിരുന്നു.
പിറ്റേന്ന് രാവിലെ പോർട്ട്‌ലാന്റ് സ്ട്രീറ്റിലെ വീട്ടിലേക്ക് മാറ്റിപ്പാർപ്പിച്ച യുവാവ്, രാവിലെ 11.23 ഓടെ ലഭിച്ച അവസരം മുതലാക്കി ജനലിലൂടെ പുറത്തേക്ക് ചാടുകയായിരുന്നു. തെരുവിലേക്ക് ഓടിയെത്തിയ യുവാവ് അതേസമയം അതിലൂടെ വന്ന പോലീസ് കാറിന് മുന്നിലേക്ക് ചാടി തനിക്ക് രക്ഷയേകാൻ അപേക്ഷിക്കുകയായിരുന്നു. സമയോചിതമായി ഇടപെട്ട പോലീസ് ഇയാളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
സംഭവത്തിൽ കുറ്റക്കാരായ ബ്രാഡ്‌ലി റാന്യാർഡ് (20), ജാക്‌സൺ നിക്കോൾസൺ (25) എന്നിവർക്ക് തട്ടിക്കൊണ്ടുപോകൽ, അനധികൃതമായി തടങ്കലിൽ വെക്കൽ എന്നീ കുറ്റങ്ങൾക്ക് 9 വർഷം വീതം തടവുശിക്ഷ വിധിച്ചു. കൂട്ടുപ്രതികളായ ക്രെയ്ഗ് റാന്യാർഡിന് 5 വർഷവും 3 മാസവും, ഡാനിയേൽ തോംസണിന് 4 വർഷവും 9 മാസവും, നഥാൻ ഗ്ലാഡ്‌വെല്ലിന് 3 വർഷവും 7 മാസവും ലിങ്കൺ ക്രൗൺ കോടതി തടവുശിക്ഷ വിധിച്ചു.