Sathyian Nedumancherriyil

Subject : ഡോക്ടർമാരുടെ സമരം സ്വന്തം ശമ്പളവർധനവിന് തിരിച്ചടി; രൂക്ഷവിമർശനവുമായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി.

ഡോക്ടർമാരുടെ സമരം സ്വന്തം ശമ്പളവർധനവിന് തിരിച്ചടി; രൂക്ഷവിമർശനവുമായി ബ്രിട്ടീഷ് ആരോഗ്യ സെക്രട്ടറി.

ലണ്ടൻ : ബ്രിട്ടനിലെ ജൂനിയർ ഡോക്ടർമാർ (Resident Doctors) നടത്തുന്ന ആറുദിവസത്തെ പണിമുടക്ക് സ്വന്തം ശമ്പളവർധനവിനും കരിയർ പുരോഗതിക്കും തിരിച്ചടിയായെന്ന് യുകെ ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ഡോക്ടർമാരുടെ തൊഴിൽ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ മുന്നോട്ടുവെച്ച ഗൗരവകരമായ നിർദ്ദേശങ്ങൾ ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷൻ (BMA) തള്ളിക്കളഞ്ഞത് വൻ തിരിച്ചടിയായെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പണിമുടക്ക് തുടരുന്നത് എൻഎച്ച്എസ് (NHS) ചികിത്സാ കാത്തിരിപ്പ് പട്ടിക കുറയ്ക്കുന്നതിനായുള്ള നീക്കങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. 2023 മാർച്ചിന് ശേഷം ഇത് പതിനഞ്ചാം തവണയാണ് ഡോക്ടർമാർ പണിമുടക്കുന്നത്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 4,500 അധിക സ്പെഷ്യാലിറ്റി ട്രെയിനിംഗ് തസ്തികകൾ സൃഷ്ടിക്കാനും കുറഞ്ഞ ശമ്പളമുള്ള ഡോക്ടർമാർക്ക് മികച്ച വർധനവ് നൽകാനുമുള്ള വാഗ്ദാനങ്ങൾ ഡോക്ടർമാരുടെ സംഘടന നിരസിക്കുകയായിരുന്നു.

എന്നാൽ, ചർച്ചകളുടെ അവസാന ഘട്ടത്തിൽ സർക്കാർ വാഗ്ദാനങ്ങളിൽ നിന്ന് പിന്നോട്ടുപോയെന്നും അനുവദിച്ച ഫണ്ട് ലഭ്യമാക്കുന്നതിൽ കാലതാമസം വരുത്തിയെന്നുമാണ് ഡോക്ടർമാരുടെ പക്ഷം. ഈ സമരം ഒഴിവാക്കാവുന്നതായിരുന്നുവെന്നും സർക്കാർ നിലപാടാണ് ചർച്ചകൾ പരാജയപ്പെടാൻ കാരണമെന്നും ബിഎംഎ പ്രതിനിധി ഡോ. ജാക്ക് ഫ്ലെച്ചർ പറഞ്ഞു. സമരം മൂലം ചികിത്സാ രംഗത്ത് 300 ദശലക്ഷം പൗണ്ടിന്റെ അധിക ബാധ്യതയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തിങ്കളാഴ്ച രാവിലെ ഏഴു മണി വരെ സമരം തുടരും.