Sathyian Nedumancherriyil

Subject : ഡിസ്പോസബിൾ ഡയപ്പറുകളിൽ വിഷരാസവസ്തുക്കൾ; നിർമ്മാതാക്കൾ ചേരുവകൾ വെളിപ്പെടുത്തണമെന്ന് പുതിയ നിയമം!

ഡിസ്പോസബിൾ ഡയപ്പറുകളിൽ വിഷരാസവസ്തുക്കൾ; നിർമ്മാതാക്കൾ ചേരുവകൾ വെളിപ്പെടുത്തണമെന്ന് പുതിയ നിയമം!

കാലിഫോർണിയ: കുഞ്ഞുങ്ങൾ ഉപയോഗിക്കുന്ന ഡിസ്പോസബിൾ ഡയപ്പറുകളിൽ അടങ്ങിയിരിക്കുന്ന മാരകമായ രാസവസ്തുക്കളുടെ വിവരങ്ങൾ വ്യക്തമായി വെളിപ്പെടുത്താൻ നിർമ്മാതാക്കളോട് ആവശ്യപ്പെടുന്ന പുതിയ നിയമനിർമ്മാണത്തിന് കാലിഫോർണിയൻ (California) അസംബ്ലിയുടെ അംഗീകാരം. തുണിയിലെ ഈർപ്പം പ്രതിരോധിക്കാനും പ്ലാസ്റ്റിക് വഴക്കമുള്ളതാക്കാനും ഉപയോഗിക്കുന്ന താലേറ്റുകൾ (Phthalates), പി.എഫ്.എ.എസ് (PFAS), ലെഡ്, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവസ്തുക്കൾ കുഞ്ഞുങ്ങളുടെ ചർമ്മത്തിന് വൻ ആരോഗ്യഭീഷണി ഉയർത്തുന്നുവെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ കർശന നീക്കം.

68-1 എന്ന വൻ ഭൂരിപക്ഷത്തോടെ കാലിഫോർണിയൻ അസംബ്ലി പാസാക്കിയ ഈ ബിൽ ഉടൻ തന്നെ ഉപരിസഭയായ സെനറ്റിന്റെ പരിഗണനയ്ക്ക് എത്തും. നവജാതശിശുക്കളുടെ ചർമ്മം വളരെ നേർത്തതായതിനാൽ ഇത്തരം രാസവസ്തുക്കൾ പെട്ടെന്ന് ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. പുതിയ നിയമം നിലവിൽ വരുന്നതോടെ 2028-ഓടെ ഡയപ്പറുകളിൽ ചേർക്കുന്ന മുഴുവൻ ചേരുവകളുടെയും വിവരങ്ങൾ നിർമ്മാതാക്കൾ വെബ്‌സൈറ്റുകളിൽ പരസ്യപ്പെടുത്തേണ്ടി വരും. 2029 ജനുവരി മുതൽ ഇവ ഉൽപ്പന്നങ്ങളുടെ പാക്കറ്റുകളിൽ തന്നെ രേഖപ്പെടുത്തുകയും വേണം.

തുടർച്ചയായ രാസവസ്തു സമ്പർക്കം കുഞ്ഞുങ്ങളുടെ ഹോർമോൺ വ്യതിയാനങ്ങൾക്കും വരാനിരിക്കുന്ന ശാരീരിക-മാനസിക വളർച്ചയിലെ തടസ്സങ്ങൾക്കും കാരണമാകുമെന്ന് നിരവധി പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്. സുതാര്യത ഉറപ്പാക്കുന്നതിലൂടെ വിഷാംശം കുറഞ്ഞതും സുരക്ഷിതവുമായ ഡയപ്പറുകൾ ഉത്പാദിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരാകുമെന്നാണ് ഉപഭോക്തൃ സംരക്ഷണ സംഘടനകളുടെ വിലയിരുത്തൽ. പൊതുജനാരോഗ്യത്തെയും കുട്ടികളുടെ സുരക്ഷയെയും മുന്നിർത്തിയുള്ള കാലിഫോർണിയയുടെ ഈ നീക്കം മറ്റ് രാജ്യങ്ങൾക്കും മാതൃകയായേക്കും.

ഡയപ്പറുകൾ തിരഞ്ഞെടുക്കുമ്പോൾ കൃത്രിമ സുഗന്ധമില്ലാത്തവ (Fragrance-free) ഉപയോഗിക്കാനും ‘നാച്ചുറൽ’, ‘എക്കോ-ഫ്രണ്ട്‌ലി’ തുടങ്ങിയ ആകർഷകമായ പരസ്യ വാചകങ്ങളിൽ വഞ്ചിക്കപ്പെടാതിരിക്കാനും മാതാപിതാക്കൾ ശ്രദ്ധിക്കണമെന്ന് വിദഗ്ധർ നിർദ്ദേശിക്കുന്നു. പരമ്പരാഗത തുണി ഡയപ്പറുകൾ ഉപയോഗിക്കുന്നത് കൂടുതൽ സുരക്ഷിതമാണെങ്കിലും അവ അലക്കാൻ ഉപയോഗിക്കുന്ന സോപ്പുകളിലും മറ്റ് ഡിറ്റർജന്റുകളിലും വീണ്ടും രാസവസ്തുക്കൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.