ഡിപ്രഷനും ഉത്കണ്ഠയും അകറ്റാൻ ഇനി ‘സൽസ’ കളിക്കാം; ഒപ്പം സന്തോഷം ഇരട്ടിയാക്കുമെന്നും ഓക്സ്ഫോർഡ് സർവകലാശാലയുടെ പഠനം.
ലണ്ടൻ: ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആരാധകരുള്ള പ്രശസ്തമായ ‘സൽസ’ (Salsa) നൃത്തം വിഷാദരോഗവും (Depression) ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. കരീബിയൻ, സ്പാനിഷ്, ആഫ്രിക്കൻ സംഗീത ശൈലികളുടെ മിശ്രണമായ സൽസ നൃത്തം ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളുടെ കരുത്ത് കൂട്ടാനും സഹായിക്കുമെന്ന് മുൻപേ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത് മാനസികാരോഗ്യത്തിനും ഏറെ ഗുണം ചെയ്യുമെന്ന കണ്ടെത്തലുമായി ഓക്സ്ഫോർഡ് സർവകലാശാലയിലെയും ഓക്സ്ഫോർഡ് ഹെൽത്ത് എൻഎച്ച്എസ് ട്രസ്റ്റിലെയും ഗവേഷകർ രംഗത്തെത്തിയത്. നേരിയ തോതിൽ വിഷാദവും ഉത്കണ്ഠയും നേരിടുന്ന 121 യുവാക്കളിലാണ് ഇവർ പഠനം നടത്തിയത്.
പഠനത്തിന്റെ ഭാഗമായി 18 നും 24 നും ഇടയിൽ പ്രായമുള്ള യുവാക്കളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ച് എട്ട് ആഴ്ചത്തെ സൽസ നൃത്ത പരിപാടിക്ക് വിധേയരാക്കിയിരുന്നു. ‘സൈക്കോളജിക്കൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സൽസ നൃത്തം പരിശീലിച്ചവരിൽ വിഷാദരോഗ ലക്ഷണങ്ങളിലും സാമൂഹിക ഉത്കണ്ഠയിലും (Social anxiety) വലിയ കുറവുണ്ടായതായി കണ്ടെത്തി. കൂടാതെ ഇവരിൽ ദൈനംദിന സന്തോഷത്തിന്റെ അളവ് വർദ്ധിച്ചതായും ഗവേഷകർ രേഖപ്പെടുത്തി.
ക്ലിനിക്കൽ വിഷാദരോഗത്തിനുള്ള ഒരു പ്രധാന ചികിത്സയായി സൽസ നൃത്തത്തെ ഇപ്പോൾ നിർദ്ദേശിക്കാൻ കഴിയില്ലെങ്കിലും, യുവാക്കളുടെ മാനസികോല്ലാസത്തിനായി ഡോക്ടർമാർക്ക് ഇത് ശുപാർശ ചെയ്യാവുന്നതാണെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. സമാനമായി കറാട്ടെ, ആർട്ട് ക്ലാസുകൾ, പുസ്തക ക്ലബ്ബുകൾ, പ്രകൃതിയിലൂടെയുള്ള നടത്തം തുടങ്ങിയ സാമൂഹിക കൂട്ടായ്മകളിൽ പങ്കാളികളാകുന്നത് കുട്ടികളിലെ മാനസിക സമ്മർദ്ദം കുറയ്ക്കുമെന്ന് ലണ്ടൻ യൂണിവേഴ്സിറ്റി കോളേജിലെ ഡോ.
മാനസികാരോഗ്യം മെച്ചപ്പെടുത്താൻ മരുന്നുകൾക്ക് പുറമെ ഇത്തരം സാമൂഹിക കൂട്ടായ്മകളും ആവശ്യമാണെന്ന് ലണ്ടൻ ഇംപീരിയൽ കോളേജിലെ ക്ലിനിക്കൽ ലക്ചറർ ഡോ. കീർ ഫിലിപ്പ് പറഞ്ഞു. ഏകദേശം അൻപത് വർഷങ്ങൾക്ക് മുൻപ് സാമൂഹിക നൃത്തങ്ങൾ ഒരു ചികിത്സാ മാർഗ്ഗമായി ആരും കണ്ടിരുന്നില്ലെന്നും, അത് സാധാരണ ശനിയാഴ്ച രാത്രികളിലെ ഒരു വിനോദം മാത്രമായിരുന്നെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഇന്നത്തെ മാറിയ സാഹചര്യത്തിൽ ഇത്തരം ശീലങ്ങളുടെ കുറവാണ് ആളുകൾ അനുഭവിക്കുന്നതെന്നും, വിഷാദരോഗത്തിനുള്ള ഒരു ശാശ്വത പരിഹാരമല്ലെങ്കിലും മാനസികാരോഗ്യം വീണ്ടെടുക്കാൻ സൽസ നൃത്തം ഒരു മികച്ച സഹായിയായി ഉപയോഗിക്കാമെന്നും വിദഗ്ദ്ധർ വിലയിരുത്തുന്നു.