Sathyian Nedumancherriyil

Subject : ട്രഷറിയുടെ പിടിമുറുക്കത്തിന് വിരാമം: ബ്രിട്ടനിലെ പ്രാദേശിക മേയർമാർക്ക് ഇനി കൂടുതൽ സാമ്പത്തിക അധികാരം!

ട്രഷറിയുടെ പിടിമുറുക്കത്തിന് വിരാമം: ബ്രിട്ടനിലെ പ്രാദേശിക മേയർമാർക്ക് ഇനി കൂടുതൽ സാമ്പത്തിക അധികാരം!

ലണ്ടൻ: യുകെയിലെ പ്രാദേശിക മേയർമാർക്ക് കേന്ദ്ര ട്രഷറിയുടെ അനുമതിയില്ലാതെ വൻകിട വികസന പദ്ധതികൾക്കായി തുക വായ്പയെടുക്കാനുള്ള ചരിത്രപരമായ സാമ്പത്തിക അധികാരം നൽകാൻ സർക്കാർ തയാറെടുക്കുന്നു. വെസ്റ്റ്മിൻസ്റ്ററിൽ നിന്ന് പ്രാദേശിക ഭരണകൂടങ്ങളിലേക്ക് അധികാരം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 2028 മുതൽ പ്രദേശങ്ങളിൽ പിരിച്ചെടുക്കുന്ന ഇൻകം ടാക്സിന്റെയും ബിസിനസ്സ് നികുതികളുടെയും ഒരു പങ്ക് അതത് മേയർമാർക്ക് നിലനിർത്താം. നിലവിലെ ഗ്രാന്റുകൾക്ക് പകരമായാണ് ഈ തുക ലഭ്യമാക്കുക.

ഒരു തലമുറയ്ക്കിടെ ബ്രിട്ടൻ കാണുന്ന ഏറ്റവും വലിയ അധികാര വികേന്ദ്രീകരണമാണിതെന്ന് പ്രധാനമന്ത്രി ആൻഡി ബേൺഹാം പ്രഖ്യാപിച്ചു. പ്രദേശവാസികളിൽ നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണം ആ പ്രദേശത്തിന്റെ തന്നെ വികസനത്തിന് ഉപകരിക്കണമെന്ന നയത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. പൊതുഗതാഗതം മെച്ചപ്പെടുത്താനും വീടുകൾ നിർമ്മിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക നേതാക്കൾക്ക് ഇതോടെ പൂർണ്ണ സ്വാതന്ത്ര്യം ലഭിക്കും. കേന്ദ്ര ഭരണകൂടത്തിന്റെ നിയന്ത്രണം കുറയ്ക്കാൻ ലണ്ടനിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ എണ്ണം വെട്ടിച്ചുരുക്കാനും തീരുമാനമുണ്ട്.

ഭാവിയിൽ ലഭിക്കാനിരിക്കുന്ന നികുതി വരുമാനം ഈടായി കാണിച്ച് സ്വകാര്യ വായ്പകൾ എടുക്കാൻ സാധിക്കുന്നത് മേഖലയിലെ വലിയ പദ്ധതികൾക്ക് വഴിയൊരുക്കും. മാഞ്ചസ്റ്റർ ഉൾപ്പെടെയുള്ള നഗരങ്ങളിലെ റെയിൽവേ വികസനത്തിനും ഭവന നിർമ്മാണത്തിനും മുൻപ് കേന്ദ്ര ട്രഷറിയുടെ വർഷം തോറുമുള്ള ഫണ്ടിംഗിനെ ആശ്രയിക്കേണ്ടിയിരുന്നു. ഇനി മുതൽ 30 വർഷം വരെയുള്ള ദീർഘകാല വായ്പകൾ എടുത്ത് വൻകിട പദ്ധതികൾ നടപ്പിലാക്കാൻ മേഖലകൾക്ക് സാധിക്കുമെന്ന് നോർത്തേൺ പവർഹൗസ് പാർട്ണർഷിപ്പ് ചൂണ്ടിക്കാട്ടുന്നു.

എന്നാൽ നികുതി വരുമാനം കുറവുള്ള പിന്നാക്ക മേഖലകൾ ഒറ്റപ്പെട്ടുപോകാതിരിക്കാൻ സർക്കാർ പ്രത്യേക കരുതൽ നടപടികൾ സ്വീകരിക്കും. രാജ്യത്തെ മുക്കാൽ ഭാഗം ജനങ്ങളെയും പ്രതിനിധീകരിക്കുന്ന മേയർ ഭരണസംവിധാനങ്ങൾ ഇല്ലാത്ത പ്രദേശങ്ങളിലും പുതിയ രീതി നടപ്പിലാക്കാൻ തദ്ദേശീയരെ പ്രോത്സാഹിപ്പിക്കും. ഓഗസ്റ്റിൽ അവതരിപ്പിക്കുന്ന ബജറ്റിൽ ധനമന്ത്രി ജോൺ ഹീലി ഇത് സംബന്ധിച്ച കൂടുതൽ സാമ്പത്തിക വിവരങ്ങൾ പുറത്തുവിടും. പുതിയ പരിഷ്കാരം ബ്രിട്ടനിലെ വികസന മാതൃകയെത്തന്നെ പൂർണ്ണമായി മാറ്റിയെഴുതുമെന്നാണ് വിലയിരുത്തൽ.