ട്രംപിന്റെ ഗോൾഫ് കോഴ്സ് തകർത്ത കേസ്; ഏഴുപേർക്കെതിരെ ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തി!
എഡിൻബറോ: സ്കോട്ട്ലൻഡിലെ ഡൊണാൾഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്തമായ ടേൺബെറി ഗോൾഫ് കോഴ്സ് തകർത്ത സംഭവത്തിൽ ഏഴുപേർക്കെതിരെ കടുത്ത ഭീകരവിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തി. കഴിഞ്ഞ വർഷം മാർച്ച് 8-നാണ് ഫൈവ് സ്റ്റാർ റിസോർട്ടിന്റെ ക്ലബ്ബ് ഹൗസിൽ വിദ്വേഷ സന്ദേശങ്ങൾ എഴുതുകയും ഗോൾഫ് മൈതാനം തകർക്കുകയും ചെയ്തത്. “ഗാസ വിൽപ്പനയ്ക്കുള്ളതല്ല” (Gaza is not 4 sale) എന്ന രാഷ്ട്രീയ മുദ്രാവാക്യങ്ങൾ പെയിന്റ് ചെയ്താണ് പ്രതികൾ നാശനഷ്ടം വരുത്തിയത്.
കീരൻ റോബ്സൺ, ഉസ്മ ബഷീർ, റിക്കി സൗത്താൾ, ഓട്ടം ടെയ്ലർ വാർഡ്, റെബേക്ക സിയാൻ ഡേവീസ്, ജോൺ മോക്സ്ലി, ഡിലൻ ചിയാരാമെല്ലോ എന്നിവരാണ് കേസിലെ പ്രതികൾ. ഓഗസ്റ്റ് 31-ന് ഇവരെ കോടതിയിൽ ഹാജരാക്കും. ഗോൾഫ് കോഴ്സിലെ പുൽത്തകിടികൾ കുഴിച്ചെടുക്കുക, വീഡ് കില്ലർ രാസവസ്തുക്കൾ തളിക്കുക, സ്പ്രിങ്ക്ലർ സിസ്റ്റം തകർത്ത് വെള്ളപ്പൊക്കമുണ്ടാക്കുക, കെട്ടിടങ്ങളിലും തൂണുകളിലും മുദ്രാവാക്യങ്ങൾ എഴുതുക തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഈ ആക്രമണം സാദാ വാൻഡലിസമല്ലെന്നും ഇതിന് പിന്നിൽ ഭീകരബന്ധമുണ്ടെന്ന് (Terrorist Connection) തെളിയിക്കുമെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിന് പിന്നാലെ സ്കോട്ടിഷ് ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും ട്രംപിന്റെ മകൻ എറിക് ട്രംപും തമ്മിൽ കൂടിക്കാഴ്ച നടത്തുകയും കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഉന്നത നയതന്ത്ര പ്രാധാന്യമുള്ള മേഖലയായതിനാൽ തന്നെ പോലീസും ഭരണകൂടവും കേസിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്.
2014-ൽ ദുബായ് ആസ്ഥാനമായുള്ള ഗ്രൂപ്പിൽ നിന്നാണ് ട്രംപ് ഈ പ്രശസ്തമായ എയർഷെയർ റിസോർട്ട് വാങ്ങിയത്. നാല് തവണ ഓപ്പൺ ടൂർണമെന്റിന് വേദിയായിട്ടുള്ള ഈ ചരിത്രപ്രസിദ്ധമായ ഗോൾഫ് കോഴ്സിലെ ആക്രമണം വലിയ രീതിയിലുള്ള സാമ്പത്തിക, വസ്തുവക നാശനഷ്ടങ്ങൾക്കാണ് വഴിവെച്ചത്. വിദേശ നേതാക്കളുടെ സ്വത്തുക്കൾക്ക് നേരെ നടന്ന ഈ അക്രമത്തെ ഭരണകൂടം കടുത്ത ഭാഷയിലാണ് അപലപിച്ചത്.