ട്രംപിന്റെ ആരോഗ്യരഹസ്യം ഇന്നും അടഞ്ഞ പെട്ടി; വൈറ്റ് ഹൗസിലെ ഉൾക്കാഴ്ചകളുമായി പുതിയ പുസ്തകം.
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ രണ്ടാം ഭരണകാലത്തെക്കുറിച്ച് പുറത്തിറങ്ങിയ റജീം ചേഞ്ച് എന്ന പുതിയ പുസ്തകം വൈറ്റ് ഹൗസിലെ നിർണായക തീരുമാനങ്ങളുടെയും രഹസ്യ ചർച്ചകളുടെയും നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നു. പുസ്തകത്തിന്റെ രചയിതാക്കളായ മാഗി ഹാബർമാനും ജോനാഥൻ സ്വാനും ട്രംപിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തുക ഏറ്റവും പ്രയാസകരമായ ദൗത്യങ്ങളിലൊന്നായിരുന്നുവെന്ന് വ്യക്തമാക്കി.
ട്രംപ് ആരോഗ്യപ്രശ്നങ്ങളെ ബലഹീനതയുടെ അടയാളമായി കാണുന്ന വ്യക്തിയാണെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവരങ്ങൾ വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയാവൂ എന്നും എഴുത്തുകാർ പറയുന്നു. പൊതുപരിപാടികളിൽ സംസാരത്തിലെ ഇടർച്ചകൾ, ചുവടുകളിലെ മന്ദഗതി, കൈകളിലെ മുറിവുപാടുകൾ, കാലുകളിലെ വീക്കം എന്നിവ നിരന്തരം ചർച്ചയാകുന്നുണ്ടെങ്കിലും ഔദ്യോഗിക വിവരങ്ങൾ വളരെ പരിമിതമാണെന്നും അവർ ചൂണ്ടിക്കാട്ടി.
പുസ്തകത്തിൽ വൈറ്റ് ഹൗസിലെ അതീവ രഹസ്യമായ വിദേശനയ ചർച്ചകളെക്കുറിച്ചും പരാമർശമുണ്ട്. ഇറാനുമായുള്ള ധാരണാപത്രം ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ സർക്കാർ സംവിധാനത്തിലെ നിരവധി ഉന്നത ഉദ്യോഗസ്ഥർക്ക് പോലും അവസാന നിമിഷം വരെ ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഭരണകൂടത്തിന്റെ ഏറ്റവും ചെറിയ വൃത്തത്തിനുള്ളിലാണ് പ്രധാന തീരുമാനങ്ങൾ രൂപപ്പെടുന്നതെന്നും പുസ്തകം പറയുന്നു.
ന്യൂയോർക്കിലെ ബിസിനസ് ജീവിതകാലം മുതൽ തന്നെ കെട്ടിടങ്ങളിലും പൊതുപദ്ധതികളിലും സ്വന്തം പേര് പതിപ്പിക്കാനുള്ള ട്രംപിന്റെ താൽപര്യം പ്രസിഡന്റായ ശേഷവും തുടരുകയാണെന്ന് പുസ്തകം വിലയിരുത്തുന്നു. അമേരിക്കൻ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും രഹസ്യസ്വഭാവമുള്ള ഭരണകൂടങ്ങളിലൊന്നായി ട്രംപിന്റെ രണ്ടാം ഭരണകാലം രേഖപ്പെടുത്തപ്പെടുമെന്ന സൂചനയും റജീം ചേഞ്ച് മുന്നോട്ടുവയ്ക്കുന്നു.