ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെ കടുത്ത വിമർശനവുമായി ഒബാമ; ജോർജിയയിൽ വൻ ഡെമോക്രാറ്റിക് റാലി.
അറ്റ്ലാന്റ (ജോർജിയ) : ഇടക്കാല തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, അറ്റ്ലാന്റയിലെ പ്രചാരണ റാലിയിൽ ഡൊണാൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കുമെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ഡെമോക്രാറ്റിക് സ്ഥാനാർത്ഥികളായ സെനറ്റർ ജോൺ ഒസോഫ് (Jon Ossoff), ഗവർണർ പദവിയിലേക്ക് മത്സരിക്കുന്ന മുൻ അറ്റ്ലാന്റ മേയർ കെയ്ഷാ ലാൻസ് ബോട്ടംസ് (Keisha Lance Bottoms) എന്നിവരുടെ പ്രചാരണാർത്ഥമാണ് ഒബാമ ജോർജിയയിലെത്തിയത്. ക്ലേട്ടൺ കൗണ്ടിയിലെ ഡിസ്കവറി സെന്ററിൽ തടിച്ചുകൂടിയ നാലായിരത്തോളം അനുയായികളെ സാക്ഷി നിർത്തിയാണ് റിപ്പബ്ലിക്കൻ നേതൃത്വത്തിന് ഗൗരവമില്ലെന്നും അവരുടെ ഭരണപരാജയത്തിന്റെ വിലയാണ് രാജ്യം നൽകുന്നതെന്നും ഒബാമ ആഞ്ഞടിച്ചത്.
മറ്റ് ഡെമോക്രാറ്റിക് നേതാക്കളും റാലിയിൽ ട്രംപിന്റെ നയങ്ങളെ ശക്തമായി വിമർശിച്ചു. വൈറ്റ് ഹൗസിലെ വൻ തുക ചെലവഴിച്ചുള്ള നവീകരണ പ്രവർത്തനങ്ങളെ ചൂണ്ടിക്കാട്ടി ട്രംപ് ഭരണകൂടം സമാനതകളില്ലാത്ത അഴിമതിയാണ് നടത്തുന്നതെന്ന് സെനറ്റർ ജോൺ ഒസോഫ് ആരോപിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ജനങ്ങളെ അവഗണിച്ച് ശതകോടീശ്വരന്മാർക്ക് അനുകൂലമായ നിലപാടുകളാണ് ഭരണകൂടം സ്വീകരിക്കുന്നതെന്ന് കെയ്ഷാ ലാൻസ് ബോട്ടംസും വിമർശിച്ചു. കുട്ടികൾക്കുള്ള ആരോഗ്യ, ഭക്ഷ്യ സുരക്ഷാ പദ്ധതികൾ വെട്ടിക്കുറയ്ക്കുന്നത് രാജ്യത്തിന്റെ ആത്മീയവും സാമൂഹികവുമായ ആരോഗ്യത്തെ ബാധിക്കുമെന്ന് സെനറ്റർ റാഫേൽ വാർണോക്കും ഓർമ്മിപ്പിച്ചു.
അതേസമയം, ഒബാമയുടെ റാലി നടക്കുന്ന അതേ സമയത്ത് ഡൊണാൾഡ് ട്രംപ് ഒഹായോയിൽ സംഘടിപ്പിച്ച റാലിയിൽ പങ്കെടുക്കുകയായിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിൽ റിപ്പബ്ലിക്കൻ സ്വാധീന മേഖലകളിൽ സജീവമായി റാലികൾ സംഘടിപ്പിച്ച് പ്രചാരണ രംഗത്ത് ട്രംപും തരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്നുണ്ട്. ജോർജിയയിലെ സെനറ്റ് പോരാട്ടത്തിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോൺ ഒസോഫിന് സർവേകളിൽ വ്യക്തമായ മുന്നേറ്റമുണ്ടെങ്കിലും, ഗവർണർ സ്ഥാനാർത്ഥിയായ കെയ്ഷാ ബോട്ടംസും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി റിക്ക് ജാക്സണും തമ്മിൽ കടുത്ത മത്സരമാണ് നടക്കുന്നത്.
ജനങ്ങളുടെ ജീവിതച്ചെലവ് ലഘൂകരിക്കുന്നതിലും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഡെമോക്രാറ്റിക് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന് ഒബാമ ആഹ്വാനം ചെയ്തു. അമേരിക്കൻ ജനതയുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ ഭരണമാറ്റം അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പ്രസംഗം അവസാനിപ്പിച്ചത്.