Sathyian Nedumancherriyil

Subject : ടോപ് ഗിയർ മുൻ താരം റിച്ചാർഡ് ഹാമണ്ടിന് എട്ടിന്റെ പണി: അമിതവേഗതയ്ക്ക് പിഴ ചുമത്തി യുകെ കോടതി!

ടോപ് ഗിയർ മുൻ താരം റിച്ചാർഡ് ഹാമണ്ടിന് എട്ടിന്റെ പണി: അമിതവേഗതയ്ക്ക് പിഴ ചുമത്തി യുകെ കോടതി!

ലണ്ടൻ: പ്രശസ്ത ടെലിവിഷൻ അവതാരകനും ‘ടോപ് ഗിയർ’ മുൻ താരവുമായ റിച്ചാർഡ് ഹാമണ്ടിന് അമിതവേഗതയിൽ വാഹനമോടിച്ചതിന് യുകെ കോടതി 999 പൗണ്ട് പിഴ ചുമത്തി. സ്വന്തം ലക്ഷ്വറി കാറുകളായ പോർഷെയിലും ബെന്റ്ലിയിലുമായി മൂന്ന് ആഴ്ചയ്ക്കുള്ളിൽ രണ്ട് തവണയാണ് അദ്ദേഹം വേഗപരിധി ലംഘിച്ചത്. അഭിഭാഷകൻ മുഖേന കുറ്റം സമ്മതിച്ച 56-കാരനായ ഹാമണ്ടിന്റെ ഡ്രൈവിംഗ് ലൈസൻസിൽ ഏഴ് പെനാൽറ്റി പോയിന്റുകളും കോടതി രേഖപ്പെടുത്തി.

വെസ്റ്റ് മെർഷ്യ പൊലീസാണ് ഹാമണ്ടിനെതിരെ കേസ് എടുത്തത്. കഴിഞ്ഞ വർഷം ഡിസംബർ 2-ന് പെൻക്രെയ്ഗിലെ  A40 പാതയിൽ പോർഷെ ടൈക്കൻ കാറിൽ 50 മൈൽ വേഗപരിധിയുള്ള റോഡിൽ 68 മൈൽ വേഗതയിൽ പായുമ്പോഴാണ് അദ്ദേഹം ആദ്യം ക്യാമറയിൽ കുടുങ്ങിയത്. തുടർന്ന് ഡിസംബർ 22-ന് രുധാൽ ഓവർബ്രിഡ്ജിൽ ബെന്റ്ലി കാറിൽ 70 മൈൽ പരിധിയിൽ 82 മൈൽ വേഗതയിൽ പാഞ്ഞതിനും പൊലീസിന്റെ പിടിവീണു.

ടെൽഫോർഡ് മജിസ്‌ട്രേറ്റ് കോടതി ഹാമണ്ടിനോട് പിഴയും മറ്റ് കോടതിച്ചെലവുകളും വിക്ടിം സർചാർജും ഉൾപ്പെടെ ആകെ 1,771 പൗണ്ട് (ഏകദേശം 1.9 ലക്ഷം രൂപ) അടയ്ക്കാൻ ഉത്തരവിട്ടു. ഹാമണ്ട് മുൻപ് വാങ്ങിയിരുന്ന കൊട്ടാര സമാനമായ വീട്ടിലേക്ക് പൊലീസ് അയച്ച നോട്ടീസുകൾ മടങ്ങി വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ 30-ലധികം വാഹനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ പുതിയ വസതി കണ്ടെത്തിയാണ് പൊലീസ് നിയമനടപടികൾ പൂർത്തിയാക്കിയത്.

 2006-ൽ ടോപ് ഗിയർ ചിത്രീകരണത്തിനിടെ 320mph വേഗതയിലുണ്ടായ ജെറ്റ് കാർ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചരിത്രമുണ്ട് ഹാമണ്ടിന്. മുൻപ് 2013-ൽ ഫ്രാൻസിൽ വെച്ച് സഹഅവതാരകൻ ജെറമി ക്ലാർക്‌സണൊപ്പം അമിതവേഗതയ്ക്ക് മൂന്ന് മാസത്തെ ഡ്രൈവിംഗ് വിലക്കും നേരിട്ടിരുന്നു. ഇതിന് പുറമെ പൊലീസിന്റെ കത്തുകൾക്ക് മറുപടി നൽകാതിരുന്നതുമായി ബന്ധപ്പെട്ട മറ്റ് ആരോപണങ്ങളും കേസിന്റെ ഭാഗമായി കോടതിയിൽ പരാമർശിക്കപ്പെട്ടു.