ടിക്ക് ടോക്ക് കാട്ടിയ ‘മരണ ദൃശ്യങ്ങൾ’; 14 കാരിയുടെ ജീവനൊടുക്കൽ യുകെയിൽ പുതിയ ചർച്ചകൾക്ക് തുടക്കമിടുന്നു.
നോർത്ത് ഫോകൽ :ടിക്ക് ടോക്കിൽ വന്ന ആത്മഹത്യാ സംബന്ധമായ ദൃശ്യങ്ങളും വീഡിയോകളും കണ്ട് നോർത്ത് ഫോകിലെ ലാംഗ്ലി സ്കൂൾ വിദ്യാർത്ഥിനിയായ 14 കാരി അഡ്രിയാന റെറ്റൈ ജീവനൊടുക്കിയ സംഭവം യുകെയിൽ വലിയ ചർച്ചയാകുന്നു. മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചകളിൽ കുട്ടി ഇത്തരം ദൃശ്യങ്ങൾ വ്യാപകമായി കണ്ടിരുന്നുവെന്നും, അത് അവളുടെ തീരുമാനത്തിൽ നിർണായക സ്വാധീനം ചെലുത്തിയിട്ടുണ്ടാകാമെന്നും കോറോണർ ജോഹന്ന തോംസൺ വ്യക്തമാക്കുകയുണ്ടായി.
സമൂഹമാധ്യമ കമ്പനികൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ യാതൊരുവിധ സുരക്ഷാ സംസ്കാരവും പാലിക്കുന്നില്ലെന്ന് റെഗുലേറ്ററായ ഒഫ്കോമിന്റെ (Ofcom) ചീഫ് എക്സിക്യൂട്ടീവ് മെലാനി ഡോവ്സ് എം.പിമാരോട് പറഞ്ഞു. കുട്ടികളെ ലക്ഷ്യമിട്ട് അൽഗോരിതം വഴി ആത്മഹത്യാ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്ന വലിയ കമ്പനികൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. സംഭവത്തിൽ ടിക്ക് ടോക്കിന്റെ അൽഗോരിതത്തിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്ന് മോളി റോസ് ഫൗണ്ടേഷൻ (MRF) ആവശ്യപ്പെട്ടു.
കഴിഞ്ഞ വർഷം നടത്തിയ ഒരു സർവ്വേയിൽ, മൂന്നിലൊന്ന് കുട്ടികളും പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആത്മഹത്യാപരവും സ്വയം ഉപദ്രവിക്കുന്നതുമായ ദൃശ്യങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 7 ശതമാനം കുട്ടികളും ആത്മഹത്യാ ചിന്തകൾ സാധാരണവും ആകർഷകവുമാണെന്ന് തോന്നിക്കുന്ന തരത്തിലുള്ള ഉള്ളടക്കങ്ങൾ കണ്ടതായി വെളിപ്പെടുത്തിയിട്ടുണ്ട്. അഡ്രിയാനയുടെ സ്കൂൾ ടാബ്ലെറ്റിൽ നേരത്തെ ആത്മഹത്യാ മാർഗ്ഗങ്ങളെക്കുറിച്ചുള്ള തിരച്ചിലുകൾ കണ്ടെത്തിയിരുന്നതായും ഇൻക്വസ്റ്റിൽ വ്യക്തമായി.
തുടർന്ന് സ്കൂൾ അധികൃതരും മാതാപിതാക്കളും കുട്ടിയോട് സംസാരിക്കുകയും മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്തിരുന്നു. സംഭവദിവസവും സാധാരണ പോലെ സ്കൂളിൽ പോയി കളിച്ചു വന്ന് അല്പസമയത്തിനകമാണ് ദാരുണമായ സംഭവം ഉണ്ടായത്. ഇത്തരം ദീർഘകാല അപകടങ്ങൾ തടയാൻ കർശന നിയമനിർമ്മാണവും ശക്തമായ റെഗുലേറ്ററി പരിശോധനകളും അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.