ജീവകാരുണ്യ പ്രവർത്തകരുടെയും വംശീയവിരുദ്ധ പോരാളികളുടെയും വിവരങ്ങൾ ചോർത്തി ഓൺലൈൻ ആക്രമണം: റിക്രൂട്ട്മെന്റ് കമ്പനി ഉടമയ്ക്കെതിരെ ഗുരുതര ആരോപണം.
ലണ്ടൻ: റോയൽ നാഷണൽ ലൈഫ് ബോട്ട് ഇൻസ്റ്റിറ്റ്യൂഷനിലെ (RNLI) സന്നദ്ധപ്രവർത്തകർ, വംശീയവിരുദ്ധ പ്രക്ഷോഭകർ,ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരെ ജോലിക്ക് എടുക്കുന്ന വ്യവസായ പ്രമുഖർ എന്നിവരെ ലക്ഷ്യമിട്ട് ഓൺലൈൻ ‘ഡോക്സിംഗ്’ (വ്യക്തിവിവരങ്ങൾ അനുമതിയില്ലാതെ ചോർത്തി പ്രചരിപ്പിക്കൽ) പ്രചാരണം നടത്തിയ സംഘത്തിന് പിന്നിൽ പ്രമുഖ റിക്രൂട്ട്മെന്റ് കമ്പനി ഉടമയെന്ന് ആരോപണം. ബ്രിട്ടനിലെ വോർസെസ്റ്റർ സ്വദേശിയും ഫ്യൂച്ചറ എനർജി ഗ്രൂപ്പ് ഉടമയുമായ ടോം വാട്സണെതിരെയാണ് ആരോപണം ഉയർന്നത്.
എക്സ് (ട്വിറ്റർ) പ്ലാറ്റ്ഫോമിലെ ‘ബിഗ് ടൈം ചാർളി’ എന്ന അക്കൗണ്ട് വഴിയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യ ഉപയോഗിച്ച് ലിങ്ക്ഡ്ഇൻ അടക്കമുള്ള പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യക്തിഗത വിവരങ്ങൾ ചോർത്തി ‘ട്രെയ്റ്റർബേസ്’ എന്ന പേരിൽ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് എത്തുന്ന അഭയാർത്ഥികളെ രക്ഷപ്പെടുത്തുന്ന ആർ.എൻ.എൽ.ഐ ജീവനക്കാർക്ക് നേരെ തീവ്ര വലതുപക്ഷ ഗ്രൂപ്പുകൾ ഓൺലൈൻ ആക്രമണം കടുപ്പിച്ച സാഹചര്യത്തിലാണ് ഈ അക്കൗണ്ട് സജീവമായത്.
‘ഹോപ്പ് നോട്ട് ഹേറ്റ്’ എന്ന ക്യാമ്പയിൻ ഗ്രൂപ്പാണ് ഇതിന് പിന്നിൽ വാട്സൺ ആണെന്ന് കണ്ടെത്തിയത്. ആരോപണം പുറത്തുവന്നതിന് തൊട്ടുപിന്നാലെ അമ്പതിനായിരത്തോളം ഫോളോവേഴ്സുള്ള ഈ അക്കൗണ്ട് അപ്രത്യക്ഷമായി. വ്യക്തിവിവരങ്ങൾ പുറത്തുവന്നതിനെ തുടർന്ന് തങ്ങൾക്കും കുടുംബത്തിനും നേരെ ഭീഷണിയുണ്ടായതായി പരാതിക്കാർ വ്യക്തമാക്കി. പോലീസിൽ പരാതി നൽകിയതായി രാഷ്ട്രീയ നേതാക്കളും ജീവനക്കാരും അറിയിച്ചു.
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷവും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാണ് ഇത്തരം നീക്കങ്ങൾ വഴി ശ്രമിക്കുന്നതെന്ന് ലക്ഷ്യമിടപ്പെട്ട സംഘടനകൾ കുറ്റപ്പെടുത്തി. വ്യാജ പ്രചാരണങ്ങൾ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഭരണാധികാരികളും കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.