ജപ്പാനിൽ കനത്ത മഴയിലും പ്രളയത്തിലും നടുക്കം: 9 മരണം, ആയിരക്കണക്കിന് വീടുകളിൽ വെള്ളം കയറി!
ടോക്കിയോ: കിഴക്കൻ ജപ്പാനിൽ (Japan) പെയ്തിറങ്ങിയ അഭൂതപൂർവ്വമായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ഒൻപത് പേർ കൊല്ലപ്പെട്ടു. ആയിരത്തിലധികം വീടുകളിൽ വെള്ളം കയറുകയും റോഡ്-റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെടുകയും ചെയ്തതായി ജാപ്പനീസ് പൊതുമേഖലാ പ്രക്ഷേപകരായ എൻ.എച്ച്.കെ (NHK) റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച ആരംഭിച്ച ശക്തമായ മഴയെ തുടർന്ന് പ്രദേശത്ത് ഉരുൾപൊട്ടൽ മുന്നറിയിപ്പും വൈദ്യുതി തടസ്സവും രൂക്ഷമായിട്ടുണ്ട്.
ചിബ (Chiba) മേഖലയിലാണ് പ്രകൃതിദുരന്തം ഏറ്റവും കനത്ത നാശം വിതച്ചത്. ചരിത്രത്തിലാദ്യമായി ചിബയിൽ ഏറ്റവും ഉയർന്ന ജാഗ്രതാ നിർദ്ദേശം നൽകി. കേവലം 24 മണിക്കൂറിനുള്ളിൽ 300 മില്ലീമീറ്റർ (12 ഇഞ്ച്) മഴയാണ് ഇവിടെ രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന ആഗസ്റ്റ് മാസത്തെ മഴയാണ്. ആഗസ്റ്റ് മാസത്തിൽ സാധാരണ ലഭിക്കേണ്ട മഴയുടെ മൂന്നിരട്ടിയോളമാണ് വെള്ളിയാഴ്ച രാവിലെയോടെ ചിബ നഗരത്തിൽ പെയ്തിറങ്ങിയതെന്ന് ടോക്കിയോ ഭവന മന്ത്രാലയം വ്യക്തമാക്കി.
വെള്ളപ്പൊക്കത്തിൽ മുങ്ങിയ കാറുകൾക്കുള്ളിൽ കുടുങ്ങിയും തെരുവിൽ വെള്ളത്തിൽ ഒഴുകിപ്പോയ നിലയിലുമാണ് മരിച്ചവരിൽ പലരെയും കണ്ടെത്തിയത്. പ്രദേശത്ത് എഴുപതിലധികം വീടുകൾ ഭാഗികമായി തകർന്നു. ആയിരത്തിലധികം വീടുകളിൽ വെള്ളം കയറിയതിൽ ആറൂറോളം വീടുകളിൽ നിലത്തുനിന്ന് ഉയരത്തിൽ വെള്ളം കെട്ടിനിൽക്കുകയാണ്. കൂടാതെ അയ്യായിരത്തോളം കാറുകൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഇവ മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതർ.
കാലാവസ്ഥാ വ്യതിയാനമാണ് ഇത്തരം തീവ്രമായ പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു. ചരിത്രത്തിലില്ലാത്ത വിധമുള്ള മഴക്കെടുതിയാണ് രാജ്യം നേരിടുന്നതെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരുകയാണ്.