ചൈനയ്ക്ക് വൻ തിരിച്ചടി: മൈക്രോചിപ്പ് ഉൽപ്പന്നങ്ങൾക്ക് 15% അധിക തീരുവ ചുമത്തി ട്രംപ്!
വാഷിംഗ്ടൺ: ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന പോളിസിലിക്കൺ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം പുതിയ തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മൈക്രോചിപ്പ്, സോളാർ പാനൽ നിർമ്മാണത്തിലെ പ്രധാന ഘടകമായ പോളിസിലിക്കണിന്റെ വിപണിയിൽ ചൈനയോട് മത്സരിക്കുന്ന പ്രാദേശിക കമ്പനികളെ പിന്തുണയ്ക്കാനാണ് ഡിസംബർ 4 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ തീരുമാനം. അമേരിക്കയുടെ സാമ്പത്തിക, ദേശീയ സുരക്ഷാ ആവശ്യങ്ങൾ മുൻനിർത്തിയാണ് നീക്കമെന്ന് വൈറ്റ് ഹൗസ് പ്രസ്താവനയിൽ വ്യക്തമാക്കി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ചിപ്പുകൾക്കും, ഡാറ്റാ സെന്ററുകൾക്കും, സോളാർ പവർ പ്ലാന്റുകൾക്കും അത്യന്താപേക്ഷിതമായ ഉൽപ്പന്നമാണ് പോളിസിലിക്കൺ. ചൈനീസ് കമ്പനികൾ വൻതോതിൽ സബ്‌സിഡികൾ നൽകി കുറഞ്ഞ വിലയ്ക്ക് ഇവ അമേരിക്കൻ വിപണിയിൽ എത്തിക്കുന്നത് തടയാൻ പുതിയ തീരുമാനം സഹായിക്കുമെന്ന് പ്രമുഖ ചിപ്പ് നിർമ്മാണ കമ്പനികൾ സ്വാഗതം ചെയ്തു. ഇറക്കുമതി ചെയ്യുന്ന സിലിക്കൺ ഉൽപ്പന്നങ്ങൾക്ക് കുറഞ്ഞ വിലപരിധിയും ഗവൺമെന്റ് നിശ്ചയിച്ചിട്ടുണ്ട്.
എന്നാൽ അമേരിക്കയുടെ ഈ നീക്കത്തിനെതിരെ ചൈന കടുത്ത പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. ദേശീയ സുരക്ഷയുടെ പേരിൽ അമേരിക്കൻ അധികാരികൾ തങ്ങളുടെ വ്യവസായങ്ങളെ ദ്രോഹിക്കുകയാണെന്നും, സംരക്ഷണവാദം വഴി അമേരിക്കയ്ക്ക് കൂടുതൽ മത്സരശേഷി നേടാനാവില്ലെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. ചൈനീസ് കമ്പനികളുടെ നിയമപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
അതേസമയം ജുലൈ മാസത്തിൽ ചൈനയിൽ നിന്നുള്ള കയറ്റുമതിയിൽ 23.9 ശതമാനത്തിന്റെ വൻ വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഉൽപ്പന്നങ്ങളുടെയും ഇലക്ട്രോണിക്സ് സാമഗ്രികളുടെയും ഉയർന്ന ആവശ്യകതയാണ് ചൈനയ്ക്ക് നേട്ടമായത്. അമേരിക്കൻ ഉപരോധങ്ങൾക്കിടയിലും ആഗോള തലത്തിൽ നിർമ്മാണ വിപണിയിൽ തങ്ങളുടെ ആധിപത്യം നിലനിർത്താൻ ചൈനയ്ക്ക് കഴിയുന്നുണ്ടെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ വിലയിരുത്തൽ.